‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസും; എ.കെ ഗോപാലന്‍ എ.കെ.ജി ആയത് ഗസറ്റില്‍ പേരുമാറ്റിയല്ല…

തിരുവനന്തപുരം: എകെജിയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വി ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍. ‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബല്‍റാമിനെ രൂക്ഷമായി വി.എസ്. വിമര്‍ശിച്ചത്.

കേരളം എന്ന വാക്കുപോലും അന്യമായ, കലുഷമായ ഒരു കാലത്തില്‍നിന്നാണ് ഈ സഞ്ചാരവഴികളിലൂടെ നാം നടന്നുമുന്നേറിയത്. നാമെല്ലാം കണ്ടും വായിച്ചും കേട്ടും അറിഞ്ഞ ചരിത്രത്തിന്റെ കുതിപ്പുകളാണ് ഇതിന് ഊര്‍ജം പകര്‍ന്നതെന്നു പറഞ്ഞ വി.എസ് ചരിത്രസന്ദര്‍ഭങ്ങളില്‍ പലതിലും സാക്ഷിയും സഹായിയും ആകാന്‍ അവസരം ലഭിച്ചയാളാണ് ഈ കുറിപ്പെഴുതുന്നതെന്നും എ.കെ.ജി യെപ്പറ്റി കോണ്‍ഗ്രസ് യുവനേതാവ് ഫേസ്ബുക്കില്‍ കുറിച്ച തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് എന്നെ നയിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.

ഒരു നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ മുന്നോട്ടുനയിക്കുക? പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടതെന്ന് വി.എസ്. ലേഖനത്തില്‍ പറഞ്ഞു.

വി എസ്സിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം;
കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം ദേശങ്ങളില്‍’
എന്ന് പാലാ നാരായണന്‍നായര്‍ എഴുതിയത് കേരളത്തിന്റെ സാമൂഹ്യസാംസ്‌കാരിക മഹിമകളുടെ ഈടുവയ്പിലാണ്. കേരളം ഇങ്ങനെ വിശുദ്ധസ്ഥലികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത് പെട്ടെന്ന് സംഭവിച്ച പ്രതിഭാസമായിരുന്നില്ല. കേരളം എന്ന വാക്കുപോലും അന്യമായ, കലുഷമായ ഒരു കാലത്തില്‍നിന്നാണ് ഈ സഞ്ചാരവഴികളിലൂടെ നാം നടന്നുമുന്നേറിയത്. നാമെല്ലാം കണ്ടും വായിച്ചും കേട്ടും അറിഞ്ഞ ചരിത്രത്തിന്റെ കുതിപ്പുകളാണ് ഇതിന് ഊര്‍ജം പകര്‍ന്നത്. ആ ചരിത്രസന്ദര്‍ഭങ്ങളില്‍ പലതിലും സാക്ഷിയും സഹായിയും ആകാന്‍ അവസരം ലഭിച്ചയാളാണ് ഈ കുറിപ്പെഴുതുന്നത്.
എ കെ ജി യെപ്പറ്റി ഒരു കോണ്‍ഗ്രസ് യുവനേതാവ് ഫെയ്സ് ബുക്കില്‍ കുറിച്ച തികച്ചും അസംബന്ധജടിലമായ പരാമര്‍ശങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് എന്നെ നയിച്ചത്. 1930കളുടെ അവസാനം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കുന്നതിന് മുമ്പേതന്നെ, രാഷ്ട്രീയസാമൂഹ്യജീവിതത്തിന്റെ സംഘര്‍ഷഭരിതമായ ‘ഭൂമികയിലേക്ക് എടുത്തുചാടിയവരായിരുന്നു ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കള്‍. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് അതിലെ ഇടതുപക്ഷചേരിയിലും നിലയുറപ്പിക്കുകയും, തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകാവാഹകരായി മാറുകയുമായിരുന്നു അവര്‍ ചെയ്തത്.
ജന്മിമാരുടെയും മുതലാളിമാരുടെയും പൊലീസിന്റെയും ഭരണകൂടത്തിന്റെ ആകെയും ഭീഷണികളും മര്‍ദനങ്ങളും ഏറ്റുവാങ്ങി വേണമായിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തകര്‍ക്ക് ജനമധ്യത്തില്‍ ഇറങ്ങാന്‍. രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് തിരിച്ച് വീട്ടിലേക്കുവരാന്‍ കഴിയുമെന്നു പോലും പ്രതീക്ഷിക്കാന്‍ കഴിയാത്ത കാലമായിരുന്നു അത്. സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കരഗതമാകുമെന്നോ, തുടര്‍ന്ന് എന്തെങ്കിലുമൊക്കെ സ്ഥാനമാനങ്ങള്‍ ലഭിക്കുമെന്നോ സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന നാളുകളുമായിരുന്നു അത്. അവിടെയാണ് കമ്യൂണിസ്റ്റുകാര്‍ സ്വന്തം ചോരയും പ്രാണനുംവരെ നല്‍കാന്‍ തയ്യാറായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്.
അങ്ങനെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരില്‍ നൂറുകണക്കിന് ആളുകള്‍ രക്തസാക്ഷികളായി. മറ്റു നിരവധി പേര്‍ പോരാട്ടങ്ങള്‍ക്കിടയില്‍ ഏറ്റ ക്ഷതങ്ങളുടെയും വടുക്കളുടെയും വ്രണങ്ങളുമായി ഇന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായിട്ടുണ്ട്. കയ്യൂരിലും കരിവെള്ളൂരിലും കാവുമ്പായിയിലും മുനയന്‍കുന്നിലും പാടിക്കുന്നിലും മൊറാഴയിലും പുന്നപ്രയിലും വയലാറിലും ശൂരനാട്ടും പാങ്ങോട്ടും അങ്ങനെ നിരവധി പ്രദേശങ്ങളിലും ഇത്തരം രക്തസാക്ഷിത്വങ്ങളുടെ ചോര കിനിയുന്ന ഓര്‍മകളും ചരിത്രവുമുണ്ട്. ഈ ചരിത്രമുന്നേറ്റങ്ങളുടെ ഊര്‍ജപ്രവാഹത്തിലാണ് കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ വ്യാകരണശുദ്ധി സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ഈ ചരിത്രസന്ദര്‍ഭങ്ങളെ ദീപ്തമാക്കിയ ഏറ്റവും ഉജ്വലമായ പേരാണ് ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എ കെ ജി.
എ കെ ഗോപാലന്‍ എന്ന പേരിനെ എ കെ ജി എന്നാക്കിയത് ഗസറ്റില്‍ വിജ്ഞാപനംചെയ്ത് അദ്ദേഹം നടത്തിയ പേരുമാറ്റമായിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് ജനങ്ങള്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അത്. മൂന്ന് അക്ഷരങ്ങള്‍കൊണ്ടുള്ള ആ വിളിപ്പേരിന് പിന്നില്‍ സ്നേഹത്തിന്റെയും ആദരവിന്റെയും കൃതജ്ഞതയുടെയും കരുതലിന്റെയും അങ്ങനെ മാനുഷികമായ എല്ലാ വിശുദ്ധ വികാരങ്ങളുടെയും സാകല്യാവസ്ഥയായിരുന്നു.
എന്തുകൊണ്ടാണ് എ കെ ഗോപാലന്‍ ഇന്ത്യക്കാര്‍ക്ക് എ കെ ജിയായത്? അദ്ദേഹം കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായി ജനങ്ങളുടെ ജീവിതം പുതുക്കിപ്പണിയാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ചു. ജനങ്ങളുടെ വേദനകള്‍, അവരുടെ ആവലാതികള്‍, പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍, സ്വാതന്ത്യ്രമില്ലായ്മ, പട്ടിണി, ദാരിദ്യ്രം എന്നിങ്ങനെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തിളച്ചുമറിയലുകളിലും അദ്ദേഹം അവര്‍ക്കൊപ്പംനിന്നു. മുദ്രാവാക്യം വിളിക്കാനും കുത്തിയിരിക്കാനും എതിരാളികളെ ശാരീരികമായി നേരിടാനും അങ്ങനെ എന്തിനും തയ്യാറായി എ കെ ജി ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
‘മനുഷ്യത്വമായത് ഒന്നും എനിക്ക് അന്യമല്ല’ എന്ന മാര്‍ക്സിന്റെ വാക്കുകളെ സ്വന്തം ജീവിതവും പോരാട്ടങ്ങളും കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു എ കെ ജി ചെയ്തത്. അതിന് നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ അച്ചടക്കനിബന്ധനകളുടെയോ വേലിക്കെട്ടുകള്‍ ഒന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. പാവപ്പെട്ടവന് ഭൂമി നല്‍കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ക്കെട്ടുകള്‍ ചാടിക്കടന്നത് ചരിത്രത്തിലെതന്നെ വലിയൊരു പ്രതിഷേധത്തിന്റെ അടയാളമായിരുന്നു. മിച്ചഭൂമിസമരത്തിന്റെ കാഹളം മുഴക്കി നടന്ന ആലപ്പുഴയിലെ അറവുകാട് സമ്മേളനത്തിലേക്ക് മലബാറില്‍നിന്ന് ജാഥ നയിച്ചതും മറ്റൊരു ചരിത്രമാണ്. പട്ടിണിജാഥ നയിച്ചും എ കെ ജി കേരളത്തിലെ മനുഷ്യരുടെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും ചിറകുവിരിക്കുകയായിരുന്നു. ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായി സവര്‍ണമേധാവിത്വത്തിന്റെ അസംബന്ധങ്ങളെ ചോദ്യംചെയ്തത് മറ്റൊരു അധ്യായം.
ഇതിന്റെയെല്ലാം ആകത്തുകയായിട്ടായിരുന്നു കേരളം ചരിത്രമുന്നേറ്റങ്ങളിലേക്ക് ഇടറാത്ത ചുവടുകള്‍ വച്ചത്. അതിന് മനസ്സുകൊണ്ടും ചിന്തകൊണ്ടും പോരാട്ടങ്ങള്‍കൊണ്ടും, എന്തിനേറെ സ്വന്തം ജീവിതം കൊണ്ടും ധൈര്യവും സ്ഥൈര്യവും പകര്‍ന്ന നേതാക്കളില്‍ പ്രഥമസ്ഥാനീയനാണ് എ കെ ജി. അതാണ് എ കെ ഗോപാലനെ എ കെ ജി ആക്കിയത്.
ഇതൊന്നും അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, അത്തരക്കാര്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും ചരിത്രവും പാരമ്പര്യവും അറിയുന്നില്ലെന്നുവേണം കരുതാന്‍. ഒരു നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ മുന്നോട്ടുനയിക്കുക? പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടെയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം. അതില്ലാതെ വന്നാല്‍, പൊങ്ങുതടിപോലെ നീന്തിനടക്കാമെന്നുമാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളത് എന്നോര്‍ക്കണം.
2011ലെ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധജടിലവും അര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ ഞാന്‍ ‘അമൂല്‍ ബേബി’ എന്നു വിളിച്ചിരുന്നു. ആ പ്രയോഗത്തിന്റെ സാരസര്‍വസ്വം അക്കാലത്ത് രാഷ്ട്രീയവ്യവഹാരങ്ങളില്‍ നിറഞ്ഞുനിന്നതാണ്. ഇപ്പോള്‍ എ കെ ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് എനിക്കുതോന്നുന്നു.
കാരണം, എ കെ ജിയുടെ വേര്‍പാടിനുശേഷം ഭൂജാതനായ വ്യക്തിയാണ് ഈ യുവ കോണ്‍ഗ്രസ് നേതാവ്. കംപ്യൂട്ടറുകള്‍കൊണ്ടുള്ള കളികളില്‍ ഇദ്ദേഹം ബഹുമിടുക്കനാണെന്നും കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നുണ്ട്. കംപ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളുമൊക്കെ വന്നിട്ട് ഏറെക്കാലമൊന്നുമായിട്ടില്ലല്ലോ. അതിനു മുമ്പേതന്നെ ഈ നാട് ഉണ്ട്. ഇവിടെ മനുഷ്യരുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്. അവയുടെയെല്ലാം അരികുകളിലൂടെയെങ്കിലും സഞ്ചരിക്കുന്നില്ലെങ്കില്‍ അങ്ങനെയുള്ളവരെക്കുറിച്ച് എന്തു പറയാനാണ്?
മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബായ്ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. കസ്തൂര്‍ബായുമായി ബന്ധപ്പെട്ട’ വൈകാരികചിന്തകള്‍മൂലം പഠനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗാന്ധിജിതന്നെ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ യുവനേതാവ് ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. എന്നിട്ട്, വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.
ഈ വിദ്വാന്റെ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളൊക്കെ പ്രതികരിച്ചിട്ടുണ്ട്. പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പറയാന്‍ പാടില്ലാത്തതാണ്. എന്നൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞിട്ടുള്ളത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം എന്നാണ് എനിക്ക് പറയാനുള്ളത്

pathram desk 1:
Related Post
Leave a Comment