മൈഗ്രേന്‍…! പരിഹാരം ഇതാ…

സഹിക്കാനാകാത്ത തലവേദന…. ജോലിക്കിടയിലും മറ്റും കൂടുതല്‍ പേരും ഏറെ ബുദ്ധിമുട്ടുന്ന മൈഗ്രേന്‍..! എന്താണിതിനൊരു പരിഹാരം..? ലോകത്താകമാനം എഴില്‍ ഒരാള്‍ക്ക് എന്ന നിലയ്ക്ക് മൈഗ്രേന്‍ കാണപ്പെടുന്നണ്ടത്രേ. പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മൈഗ്രേന്‍ കൂടുതലായി ഉണ്ടാകുന്നത്. നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെ ഇത് നീണ്ടു നില്‍ക്കും. എന്നാല്‍ അപൂര്‍വം ചിലര്‍ക്ക് ഇത് പതിനഞ്ചു ദിവസത്തോളം വരെ നീണ്ടു നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ക്രോണിക് മൈഗ്രേന്‍ എന്നാണ് വിളിക്കുന്നത്.
മൈഗ്രേനെ തലവേദനയായി പറയാറുണ്ടെങ്കിലും ഇതു രണ്ടും രണ്ടാണ്. ലണ്ടന്‍ കിങ്‌സ് കോളജില്‍ പ്രൊഫ. പീറ്റര്‍ ഗോഡ്‌സ്‌ബൈയുടെ നേതൃത്വത്തില്‍ മൈഗ്രേന്റെ കാരണങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഒരു ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിരുന്നു. രോഗം വരാനുള്ള സാധ്യതകള്‍ കുറയ്ക്കാനും രോഗത്തിനു കാരണമാകുന്ന തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആന്റിബോഡികള്‍ ഉപയോഗപ്പെടുത്തിയുമായിരുന്നു ഈ പഠനം.
തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം തലച്ചോറില്‍ ഉത്പാദിപ്പിക്കുന്ന കാല്‍സിടോണിന്‍ ജീന്‍ റിലേറ്റഡ് പേപ്ടിഡ് എന്ന രാസവസ്തുവാണ് മൈഗ്രേനിന്റെ ഭാഗമായ കഠിനവേദനയ്ക്കും വെളിച്ചം കാണുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും കാരണമാകുന്നതെന്നു കണ്ടെത്തിയിരുന്നു. ഈ GRP യുടെ പ്രവര്‍ത്തനത്തെ കുറയ്ക്കാനുള്ള ആന്റി ബോഡികള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ചില മരുന്ന്കമ്പനികള്‍.
ക്‌ലിനിക്കല്‍ ട്രയലിന്റെ വിശദാംശങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. Erenumab എന്നൊരു മരുന്ന് അടുത്തിടെ നോവര്‍ട്ടിസ് എന്ന കമ്പനി കണ്ടെത്തിയിരുന്നു. മാസത്തില്‍ എട്ടുപ്രാവശ്യമെങ്കിലും മൈഗ്രേന്‍ ഉണ്ടാകുന്ന 955 രോഗികളില്‍ ട്രയലിന്റെ ഭാഗമായി ഈ മരുന്ന് പരീക്ഷിച്ചിരുന്നു. ഇവരില്‍ 50% പേര്‍ക്ക് മരുന്നു നല്‍കിയ ശേഷം നടത്തിയ പഠനത്തില്‍ മൈഗ്രേന്റെ ദൈര്‍ഘ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
സമാനമായി Fremanezumab എന്നൊരു ആന്റിബോഡി ടെവ ഫര്‍മസ്യൂട്ടിക്കല്‍സ് എന്നൊരു കമ്പനി കണ്ടെത്തിയിരുന്നു. ഈ പരീക്ഷണങ്ങള്‍ മൈഗ്രേന്റെ ആധിക്യം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് മേല്‍നോട്ടം വഹിച്ച പ്രൊഫ. പീറ്റര്‍ ഗോഡ്‌സ്‌ബൈ പറയുന്നു. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടത്തുക വഴി മൈഗ്രേനെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇദേഹം പറയുന്നു. ക്രോണിക് മൈഗ്രേനുള്ള 1,130 രോഗികളില്‍ ഈ മരുന്നുപരീക്ഷണം നടത്തിയപ്പോള്‍ 41% പേര്‍ക്കും രോഗസാധ്യത നേര്‍പകുതിയായി കുറഞ്ഞിരുന്നു.

pathram:
Leave a Comment