കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യണം..! തൃശൂരില്‍ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിനെത്തിന് മുഖ്യമന്ത്രി എത്തില്ല; പകരം വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: തൃശൂരില്‍ ഇന്നുമുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കലോല്‍സവം ഉദ്ഘാടനം ചെയ്യും. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോല്‍സവത്തിന് അരങ്ങുണരുന്നത്.
ഇന്നു മുതല്‍ പത്തുവരെ അഞ്ചു ദിവസമാണ് കലോല്‍സവം നടക്കുന്നത്. 2008നു ശേഷം ആദ്യമായി പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ മത്സരാര്‍ഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറും. പ്രധാന വേദിക്കു മുന്‍പില്‍ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികള്‍, ബാഡ്ജുകള്‍ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാര്‍ഥികള്‍ക്കു താമസം ഒരുക്കിയിട്ടുള്ളത്.
ഭക്ഷണം നല്‍കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഇത്തവണ ഒന്നരക്കോടി കടക്കുമെന്നാണു സൂചന.

pathram:
Related Post
Leave a Comment