തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമലയുടെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്.
അമല പോള്‍ പോണ്ടിച്ചേരിയില്‍ താമസിച്ചിരുന്നു എന്നു തെളിയിക്കുന്നതിനായി നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. കേസില്‍ തെളിവുകളെല്ലാം തന്നെ അമലയ്ക്ക് എതിരാണ്. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബാഞ്ച് പറഞ്ഞു. വീടിന്റെ താഴത്തെ നിലയിലാണ് അമല താമസിച്ചതെന്നാണ് വീട്ടുടമ പറയുന്നത്. എന്നാല്‍ മുകളിലത്തെ നിലയിലാണെന്നാണ് അമലയുടെ വാദം.
നോട്ടറി നല്‍കിയ വിവരവും അമലയ്ക്കെതിരെയാണ്. അമല നേരിട്ടല്ല എത്തിയത്. ഏജന്റാണ് എത്തിയത്. അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.
വ്യാജരജിസ്ട്രേഷന്‍ കേസുമായി ബന്ധപ്പെട്ട് അമല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തില്‍ കൂടിയാണ് താരത്തിനെതിരെയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംഘം അഭിഭാഷകന് നല്‍കിയത്. ഇത് അഭിഭാഷകന്‍ മുഖെന ഹൈക്കോടതിയിലെത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടി വരുന്നതിനാല്‍ അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്.
പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നടിക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് അമല പോളിനെയോ കാര്‍ റജിസ്ട്രേഷന്‍ നടത്തിയ വിവരമോ അറിയില്ല. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്‌ട്രേഷന്‍.
Leave a Comment