മമ്മൂട്ടിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന ലേഖനം; വനിതാ കൂട്ടായ്മയില്‍ കടുത്ത ഭിന്നതയെന്ന് സൂചന

കൊച്ചി: കസബ വിവാദത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പാര്‍വതിയേയും കൂട്ടരേയും നടി മഞ്ജു വാര്യര്‍ പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡെയ്ലിഒ എന്ന ഇംഗ്ലീഷ് വെബ്സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതോടെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയ ലേഖനമാണ് വിമന്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്ത ലേഖനം പിന്നീട് പിന്‍വലിച്ചുവെങ്കിലും മമ്മൂട്ടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിനോട് മഞ്ജുവിന് യോജിപ്പില്ല. അടുത്തിടെയായി വിമന്‍ കളക്ടീവുമായി മഞ്ജു അകലം പാലിച്ചിരുന്നു.

സംഘടനയുമായി സഹകരിച്ചാല്‍ സിനിമാ രംഗത്ത് തിരിച്ചടിയാകുമെന്നാണ് മഞ്ജുവിന്റെ ആശങ്ക. സംഘടനയില്‍ അംഗമാണെങ്കിലും അടുത്തിടെയായി സംഘടനയുടെ പല തീരുമാനങ്ങളും മഞ്ജു അറിയുന്നുണ്ടായിരുന്നില്ല. മമ്മൂട്ടിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.

കസബ വിവാദം കത്തി നിന്നപ്പോഴും വിഷയത്തില്‍ മഞ്ജു അഭിപ്രായം പറഞ്ഞിരുന്നില്ല. സിനിമയില്‍ തനിക്ക് സ്ത്രീ വിരുദ്ധ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചിലര്‍ക്ക് അത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മമ്മൂട്ടിയെ വനിതാ കൂട്ടായ്മ അപമാനിച്ചുവെന്നാണ് ആരാധകരുടെ പരാതി.

pathram desk 2:
Related Post
Leave a Comment