തോളിൽ കൈയ്യിട്ട് ലാലുവും ഇച്ചാക്കയും, സെൽഫിയെടുത്ത് ചാക്കോച്ചൻ; വരുന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണത്തിനായി കൊളംബോയിലെത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള സെൽഫി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ചാക്കോച്ചൻ. മലയാളത്തിന്റെ ബി​ഗ് എംസിനൊപ്പം എന്ന തലക്കെട്ടിലാണ് അദ്ദേഹം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മഹേഷ് നാരായണൻ ചിത്രം എന്നും പോസ്റ്റിലുണ്ട്.

മാലിക് എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ഒരു ചിത്രത്തിലുള്ളത്. ഇരുവർക്കുമൊപ്പം ചിലവിടുന്ന കുഞ്ചാക്കോ ബോബനെയാണ് മറ്റ് രണ്ട് ചിത്രങ്ങളിൽ കാണാനാവുക.

നേരത്തേ കൊളംബോയിൽ പോകാനായി കൊച്ചിയിലെത്തിയ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ജോർജ് എന്നിവരുടെ ദൃശ്യം ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. ഇതിനും വൻ സ്വീകാര്യതയാണ് ആരാധകരിൽനിന്ന് ലഭിച്ചത്. ഇതിനുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വൈറലായിരിക്കുന്നത്.

മുൻപ് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബൻ വേഷമിട്ടിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് പുറമേ യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലുമായി സിനിമയുടെ ചിത്രീകരണം നടക്കും.

pathram desk 5:
Related Post
Leave a Comment