ഡോളറിന്റെ ഉയർച്ചയിൽ പൊന്നിന്റെ തട്ട് താഴോട്ട്; ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480 രൂപയായി, ഇനിയും താഴുമെന്ന് വിദ​ഗ്ദർ

ഡോളറിന്റെ ഉയർച്ചയിൽ സ്വർണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വില കുറയുന്നത് നോക്കിയിരിക്കുന്നവർക്കും ആശ്വാസ വാർത്ത, സ്വർണ വില വീണ്ടും കുറയുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു പവന് 55,480 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.

നവംബർ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഇക്കഴിഞ്ഞ ഒക്ടോബർ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി. ഇന്നലെ കൂടിയ വെള്ളിവിലയും ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.

രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവിലയെ താഴോട്ടുവലിക്കാനുള്ള പ്രധാനകാരണം യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചശേഷം ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും കുതിച്ചുകയറ്റം തുടങ്ങിയത് പൊന്നിനെ താഴോട്ടെത്തിച്ചു.

രാജ്യാന്തര സ്വർണവില ഔൺസിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് താഴ്ന്നത്. ഇന്നുമാത്രം കുറഞ്ഞത് 50 ഡോളറിലധികം. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,561 ഡോളറിലാണ്. രാജ്യാന്തരവിലയിലെ ഇടിവ് കേരളത്തിലും ഇന്ന് വില കുറയാൻ ഇടയാക്കി. രാജ്യാന്തരവില 2,545 ഡോളറിന് താഴേക്കുവീണാൽ, വിലത്തകർച്ച ചെന്നുനിൽക്കുക 2,472 ഡോളറിലേക്ക് ആയിരിക്കുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണവില ഇനിയും താഴുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

pathram desk 5:
Related Post
Leave a Comment