മണിപ്പൂരിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനു പിന്നാലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മൂന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കാണാതായി, തിരച്ചിൽ ഊർജിതം

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, രണ്ടുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മണിപ്പൂരികളായ ലൈഷ്‌റാം ബാലെൻ, മൈബാം കേശോ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കൂടാതെ ഏറ്റുമുട്ടലിനിടെ മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. ഇരകളായവർ മെയ്തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോർട്ട്. അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. 11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ കുക്കി ഭൂരിപക്ഷ മേഖലകളിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിൽ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷനും സമീപത്തെ സിആർപിഎഫ് ക്യാമ്പിനും നേരെയായിരുന്നു അക്രമികൾ തിങ്കളാഴ്ച വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ പക്കൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.

ജിരിബാമിൽ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാസേന ചൊവ്വാഴ്ച പട്രോളിങ് ശക്തമാക്കിയിരുന്നു. അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാൽ താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സായുധസംഘങ്ങൾ പരസ്പരം വെടിയുതിർത്തു. കലാപകാരികളെ നേരിടാനായി അസം റൈഫിൾസും സി.ആർ.പി.എഫും കൂടുതൽ സൈനികരെ വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്.

pathram desk 5:
Related Post
Leave a Comment