മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി പാണ്ഡ്യ എത്തി; പ്രതികരിക്കാതെ രോഹിത്ത്

മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി രോഹിത് ശർമയ്ക്കു പകരം 2024 സീസണിൽ ഹാർദിക് പാണ്ഡ്യ നായകനാകും. രോഹിത് ഈ സീസണിൽ മുംബൈ ടീമിൽ തുടർന്നേക്കും. ടീമിന്റെ ഭാവിയെ മുന്നിൽക്കണ്ടുള്ള തീരുമാനം എന്ന പ്രഖ്യാപനത്തോടെയാണ് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർധനെ ക്യാപ്റ്റൻസി മാറ്റം പ്രഖ്യാപിച്ചത്. ഐപിഎൽ 2024 താരലേലം 19ന് ദുബായിൽ നടക്കാനിരിക്കെയാണ് മുംബൈ ടീമിൽ അഴിച്ചു പണികൾക്കു തുടക്കമിട്ടത്. എന്നാൽ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് രോഹിത് പ്രതികരിച്ചിട്ടില്ല.

10 ലക്ഷം 15 കോടിയായി

2015 സീസണിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തിയ ഹാർദിക്കാണ് 9 വർഷങ്ങൾക്കുശേഷം ടീമിന്റെ ക്യാപ്റ്റനാകുന്നത്. 2021 വരെ മുംബൈയിൽ തുടർന്ന ഓൾറൗണ്ടർ 2022ൽ ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തി. തങ്ങളുടെ പ്രഥമ സീസണിൽ ഗുജറാത്തിനെ കിരീടത്തിലെത്തിച്ചു. കഴിഞ്ഞ തവണ ഗുജറാത്ത് ഫൈനൽ വരെയെത്തി. ഹാർദിക്കിന്റെ ക്യാപ്റ്റൻസി മികവിൽ കണ്ണെറിഞ്ഞ മുംബൈ കഴിഞ്ഞമാസം 15 കോടി രൂപ പ്രതിഫലം നൽകിയാണ് ക്ലബ് മാറ്റം യാഥാർഥ്യമാക്കിയത്.

രോഹിത്തിന്റെ തേരോട്ടം

ഐപിഎലിലെ ഏറ്റവും താരത്തിളക്കമുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന് 2013ന് മുൻപ് ഒരു സീസണിൽ പോലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. ആ നിരാശയ്ക്കിടെയാണ് 2013 സീസണിന്റെ പാതിവഴിയിൽ വച്ച് റിക്കി പോണ്ടിങ്ങിൽനിന്നു രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ക്യാപ്റ്റനെന്ന നിലയിലെ ആദ്യ സീസണിൽത്തന്നെ മുംബൈയെ ഐപിഎ‍ൽ ചാംപ്യൻമാരാക്കി തുടങ്ങിയ രോഹിത്തിന് കീഴിൽ 2013ലെ ചാംപ്യൻസ് ട്രോഫി ട്വന്റി20 ടൂർണമെന്റിലും മുംബൈ ജേതാക്കളായി.
11 സീസണുകളിൽ മുംബൈ ടീമിന്റെ അമരത്തുണ്ടായിരുന്ന രോഹിത് 5 തവണ കിരീടമുയർത്തി. കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാരിൽ എം.എസ്.ധോണിയുടെ റെക്കോർഡിന് (5) ഒപ്പമാണ് രോഹിത്ത് ഉള്ളത്.

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

pathram desk 1:
Leave a Comment