ഇന്ത്യയെ തകർത്തു; ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ

ഏകദിന ലോകകപ്പില്‍ പടിക്കല്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് … ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. ഇതോടെ തോല്‍വി അറിയാതെ മുന്നേറുകയായിരുന്ന ഇന്ത്യയുടെ തേരോട്ടത്തിനും അവസാനമായി.

ഓസീസിനെതിരെ മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അവര്‍ക്ക് 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് പേരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ഡേവിഡ് വാര്‍ണറെ (7) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി തുടക്കമിട്ടു. പിന്നാലെ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. വൈകാതെ സ്റ്റീവന്‍ സ്മിത്തിനെ (4) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി.

എന്നാല്‍ ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിഷമിപ്പിച്ചു. പിഴവുകളില്ലാത്ത ഇരുവരുടേയും ഇന്നിംഗ്‌സാണ് ടീമിന് 2015ന് ശേഷം മറ്റൊരു ലോകകപ്പ് സമ്മാനിച്ചത്. 120 പന്തുകള്‍ നേരിട്ട ഹെഡ് നാല് സിക്‌സും 15 ഫോറുകളും പായിച്ചു. 110 പന്തുകളാണ് ലബുഷെയന്‍ നേരിട്ടത്. നാല് ഫോറുകളായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഇരുവരും 192 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസീസ് താരമാമാണ് ഹെഡ്. റിക്കി പോണ്ടിംഗ്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. വിജയത്തിന് രണ്ട് റണ്‍ അകലെ താരം മടങ്ങിയെങ്കിലും മാക്സ്വെല്‍ (2) വിജയം പൂര്‍ത്തിയാക്കി. ലബുഷെയ്ന്‍ പുറത്താവാതെ നിന്നു.

pathram desk 2:
Related Post
Leave a Comment