നവംബറിൽ തിരഞ്ഞെടുപ്പ് പൂരം; തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തീയതി ആണ് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്‌. മിസോറാമിൽ നവംബർ ഏഴിനാണ്‌ വോട്ടെടുപ്പ്. ഛത്തീസ്ഗഢിൽ ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും നടക്കും.
ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനിൽ ഒറ്റഘട്ടമായി നവംബർ 23ന് നടക്കും. ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാനയിൽ നവംബർ 30നാണ് വോട്ടെടുപ്പ്.

മിസോറാം നവംബർ 7
ഛത്തീസ്ഗഢ് നവംബർ 7 & 17
മധ്യപ്രദേശ് നവംബർ 17
രാജസ്ഥാൻ നവംബർ 23
തെലങ്കാന നവംബർ 30
വോട്ടെണ്ണൽ ഡിസംബർ 3

മിസോറാമിൽ ഒക്ടോബർ 13-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 20-നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഛത്തീസ്ഗഢിൽ ആദ്യഘട്ടത്തിനുള്ള വിജ്ഞാപനം ഒക്ടോബർ 13-ന് പുറത്തിറങ്ങും. 20-ന് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 21-ന് സൂക്ഷ്മപരിശോധന. 23-ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം ഒക്ടോബർ 21-ന് പുറത്തിറങ്ങും. 30 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 31-ന് സൂക്ഷമപരിശോധന. നവംബർ രണ്ടിന് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

രാജസ്ഥാനിൽ ഒക്ടോബർ 30-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. നവംബർ ആറുവരെ നാമർനിർദേശപത്രിക സമർപ്പിക്കാം. ഏഴിന് സൂക്ഷ്മപരിശോധന. ഒമ്പതുവരെ നാമനിർദേപത്രിക പിൻവലിക്കാം. നവംബർ മൂന്നിന് വിജ്ഞാപനം പുറത്തിറങ്ങുന്ന തെലങ്കാനയിൽ 10നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. 13ന് സൂക്ഷമപരിശോധനയും പത്രികപിൻവലിക്കാനുള്ള അവസാനതീയതി നവംബർ 15.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. മധ്യപ്രദേശ് ബി.ജെ.പി.യും മിസോറം എൻ.ഡി.എ. സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസാണ് ഭരണത്തിൽ. തെലങ്കാനയിൽ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആർ.എസ്. ആണ് ഭരിക്കുന്നത്.

തെലങ്കാന, രാജസ്ഥാൻ, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2024 ജനുവരിയിലാണ് നിയമസഭയുടെ കാലാവധി കഴിയുക. മിസോറാമിൽ ഡിസംബർ 17-ന് കാലാവധി പൂർത്തിയാകും. മിസോറാമിൽ 40, തെലങ്കാനയിൽ 119, രാജസ്ഥാനിൽ 200, മധ്യപ്രദേശിൽ 230, ഛത്തീസ്ഗഢിൽ 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിൽ 8.52 ലക്ഷം വോട്ടർമാരാണുള്ളത്. ഛത്തീസ്ഗഢിൽ 2.03 കോടി, മധ്യപ്രദേശിൽ 5.6 കോടി, രാജസ്ഥാനിൽ 5.25 കോടി, തെലങ്കാനയിൽ 3.17 കോടി വോട്ടാർമാരും ജനവിധിയെഴുതും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഭരണ-പ്രതിപക്ഷങ്ങൾ നിർണായകമായ ജനവിധിക്കാണ് അരങ്ങൊരുങ്ങുന്നത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎ-ഇന്ത്യ മുന്നണികളുടെ ബലപരീക്ഷണം കൂടിയാണ് അഞ്ച് സംസ്ഥാങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

pathram desk 1:
Related Post
Leave a Comment