സൂക്ഷിച്ചോളൂ… ഇല്ലെങ്കില്‍ പണി കിട്ടും ഓഗസ്റ്റില്‍ ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് പൂട്ടിക്കെട്ടിയത് 74 ലക്ഷം അക്കൗണ്ടുകള്‍

2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്സ്ആപ്പ് . കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്ട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ലഭിച്ച ഉത്തരവുകളുടേയുമടക്കം വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവുമുള്ളത്.

35 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടിംഗോ പരാതിയോ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചതായി പ്രതിമാസ റിപ്പോര്‍ട്ടില്‍ വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. ‘ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയില്‍, മൊത്തം 7,420,748 വാട്ട്സ്ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. 3,506,905 അക്കൗണ്ടുകള്‍ ആണ് ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിക്കും മുമ്പ് തന്നെ ബാന്‍ ചെയ്തത്. വാട്ട്‌സ്ആപ്പ് ദുരുപയോഗത്തിനെതിരായാണ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പിന്റെ നടപടി. ഓരോ ദിവസവും, രാജ്യത്തുടനീളം വാട്ട്‌സ്ആപ്പിലൂടെയടക്കം ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ്, 2021-ന്റെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായാണ് വാട്ട്സ്ആപ്പ് പ്രതിമാസ ഇന്ത്യ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ഉപയോക്താക്കള്‍ സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് വാട്ട്‌സാപ്പിന്റെ നടപടി. കഴിഞ്ഞ മെയ് മാസം 65 ലക്ഷത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെയാണ് വാട്ട്‌സ്ആപ്പ് നിരോധിച്ചത്

pathram desk 1:
Related Post
Leave a Comment