നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെ ന്ന കുറിപ്പ് പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്ന വിഡിയോയും അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിജയകുമാർ തന്നെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ കൊടുത്ത കേസ് നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അർഥന പറയുന്നു. തന്നെ അമ്മൂമ്മ കൊണ്ടുനടന്ന് വിൽക്കുകയാണെന്നും സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കിൽ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയെന്ന് നടി പറയുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയുടെ പ്രവർത്തകരെയും ചീത്തവിളിച്ച വിജയകുമാർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുന്നതെന്നും അർഥന പറയുന്നു.

അർഥന ബിനു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ

‘‘ഞങ്ങൾ സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ ഏകദേശം 9:45 ന് വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എന്റെ പിതാവും മലയാള ചലച്ചിത്ര നടനുമായ വിജയകുമാറാണ് ഈ വിഡിയോയിലുള്ളത്. ഞങ്ങളുടെ വസതിയിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് തിരിച്ചുപോകുന്നതാണ് ഈ വിഡിയോയിൽ കാണുന്നത്. എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്, ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്നുണ്ട്. അതിനെതിരെ ഞങ്ങൾ നിരവധി പൊലീസ് കേസുകൾ കൊടുത്തിട്ടുണ്ട്.

ഇന്ന് ഇയാൾ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതിൽ പൂട്ടിയിരുന്നതിനാൽ ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ ഇദ്ദേഹത്തോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്ന് എന്നോടു പറഞ്ഞു അനുസരിച്ചില്ലെങ്കിൽ എന്നെ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കിൽ പുള്ളി പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നും പറഞ്ഞു.

ജനലിൽ മുട്ടി അട്ടഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിൽക്കുകയാണെന്നാണ് അയാൾ ആരോപിക്കുന്നത്. ഇപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ ടീമിനെയും അയാൾ വിളിച്ച് ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അഴിഞ്ഞാടുന്നതിനും എതിരെ ഞാനും എന്റെ അമ്മയും ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാൻ അഭിനയിക്കും. ഞാൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെ അതിൽ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ‘ഷൈലോക്കി’ൽ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയൽ ചെയ്തു, സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു. ഇനിയും എഴുതാനുണ്ട്, എന്നാൽ ഇവിടെ പോസ്റ്റിടാൻ പരിമിതിയുള്ളതുകൊണ്ടു നിർത്തുകയാണ്. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുകിട്ടാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്.’’ അർഥന ബിനു കുറിച്ചു

pathram desk 1:
Related Post
Leave a Comment