ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞപ്രായം 16 ആക്കണം

ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചതായതും ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

സാമൂഹികമാധ്യമങ്ങളില്‍നിന്നും ഇന്റര്‍നെറ്റ് സൈറ്റുകളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ജസ്റ്റിസ് ദീപക് കുമാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18-ല്‍നിന്ന് 16 ആയി കുറക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് ഹൈക്കോടതി അഭ്യര്‍ഥിച്ചത്.

ക്രിമിനല്‍ നിയമത്തില്‍ 2013-ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16-ല്‍നിന്ന് 18 ആയി ഉയര്‍ത്തിയത്. നേരത്തേ മദ്രാസ് ഹൈക്കോടതിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് പ്രകാരം 18 വയസില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്.

pathram:
Related Post
Leave a Comment