ശിവകാര്‍ത്തികേയന്റെ ‘പ്രിന്‍സ്’ ഒടിടി റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ഹോട്സ്റ്റാര്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ സിനിമയാണ് പ്രിന്‍സ്. കെ വി അനുദീപാണ് ചിത്രത്തിന്റെ സംവിധാനം. ദീപാവലിക്കാണ് ‘പ്രിന്‍സ്’ പ്രദര്‍ശനത്തിന് എത്തുക എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ‘പ്രിന്‍സ്’ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സംബന്ധിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. സാറ്റലൈറ്റ് റൈറ്റ്‌സ് വിജയ് ടിവിക്കാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിന്‍സ്’ എത്തുക.

ശ്രീ വെങ്കടേശ്വരന്‍ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘പ്രിന്‍സ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘പ്രിന്‍സി’ല്‍ യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ഡോണ്‍’ ആണ്. സിബി ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ശിവകാര്‍ത്തികേനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

pathram:
Leave a Comment