കോവിഡിൽ അനാഥരായ കുട്ടികൾക്ക് മാസം 4000 രൂപ, സ്കോളർഷിപ്പ്, സൗജന്യ ചികിത്സ

ന്യൂഡൽഹി: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ‘പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ’ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അടിസ്ഥാന ആവശ്യങ്ങൾക്കായി മാസം നാലായിരം രൂപ, സ്കൂൾ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യഭ്യാസത്തിനായി സ്കോളർഷിപ്പ്, അഞ്ചു ലക്ഷംരൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

‘കോവിഡിനെ തുടർന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് തനിക്കറിയാം. മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി’, പ്രധാനമന്ത്രി മോദി പറഞ്ഞു.

മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 മുതൽ 23 വയസ്സുവരെയുള്ള യുവാക്കൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡും 23 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സക്കായി കുട്ടികൾക്ക് ആയുഷ്മാൻ ആരോഗ്യ കാർഡ് നൽകും. പിഎം കെയേഴ്സിന്റെ പാസ്ബുക്കും കുട്ടികൾക്ക് നൽകും.

മാതാപിതാക്കളുടെ വാത്സല്യത്തിന് പകരംവയ്ക്കാൻ ഒരു സഹായത്തിനും പിന്തുണയ്ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ, അവരുടെ അഭാവത്തിൽ ‘മാ ഭാരതി’ നിങ്ങളോടൊപ്പമുണ്ടെന്നും പിഎം കെയേഴ്സിലൂടെ ഇന്ത്യ ഇത് നിറവേറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pathram desk 2:
Leave a Comment