ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. ഫയലിലെ ഉള്ളടക്കം എന്താണെന്ന് കോടതി പരസ്യപ്പെടുത്തിയിട്ടില്ല. മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നത്. മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഇതോടെ ബാധ്യസ്ഥനാകും
Leave a Comment