‘തുണ്ടംതുണ്ടമാക്കി കളഞ്ഞില്ലേ, കേരളത്തിലുള്ളവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’- വൈദ്യന്റെ ഭാര്യ

മൈസൂരു: ”ഇത്രയുംകാലം കാത്തിരുന്നപ്പോൾ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ. ഇനി ഞാൻ എന്തു പ്രതീക്ഷിക്കാനാണ്. അവസാനമായി എനിക്കൊന്ന് കാണാൻപോലും കിട്ടിയില്ലല്ലോ” -നാല്പത്തിയഞ്ചുവയസ്സുകാരിയായ ജെബീന താജിന്റെ ഈ വാക്കുകളിലൂടെ അറിയാം തന്റെ ഭർത്താവിനായി അവർ എത്രമാത്രം കാത്തിരുന്നെന്ന്. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫ് മൃഗീയമായി കൊലപ്പെടുത്തിയ മൈസൂരുവിലെ ഒറ്റമൂലി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ ഭാര്യയുടെ വാക്കുകളാണിത്.

മൈസൂരു നഗരത്തിലെ ബോഗാദി രണ്ടാംസ്റ്റേജിലുള്ള വസന്തനഗരയിലെ ഒരുനിലവീട്ടിലാണ് മൂലക്കുരുവിനുള്ള ഒറ്റമൂലിവൈദ്യനായ ഷെരീഫ് കുടുംബസമേതം താമസിച്ചിരുന്നത്. കാത്തിരിപ്പിനൊടുവിൽ ഭർത്താവിന്റെ വിയോഗവാർത്ത കേൾക്കേണ്ടിവന്ന ജെബീനയുടെ സങ്കടമാണ് ഇപ്പോൾ ഈവീട്ടിൽ അലയടിക്കുന്നത്. താൻ ഏറെ സ്നേഹിച്ചിരുന്ന പ്രിയഭർത്താവ് ഇനിയില്ലെന്ന യാഥാർഥ്യം അവർക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഭർത്താവ് ഏറെ ക്രൂരമായി കൊല്ലപ്പെട്ടതിലുള്ള ദേഷ്യവും ദുഃഖവും അവരുടെ വാക്കുകളിൽ പ്രകടമാണ്.

”വീട്ടിൽവന്ന് ഒരുസംഘം ഭർത്താവിനെ വിളിച്ചുകൊണ്ടുപോയി. എവിടെനിന്നോ ഭർത്താവിനെക്കുറിച്ച് കേട്ടറിഞ്ഞാണ് വന്നത്. ആദ്യം പോകാൻ കൂട്ടാക്കിയില്ല. പിന്നീട് രോഗിയെ മൈസൂരുവിൽ എത്തിച്ചെന്ന് പറഞ്ഞാണ് ബൈക്കിൽ കൊണ്ടുപോയത്. അഞ്ചുമിനിറ്റുകൊണ്ട് വരാമെന്നുപറഞ്ഞ് പോയയാൾ പിന്നീടൊരിക്കലും വന്നില്ല” – ജീവിതത്തിൽ ഇനിയൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത അന്നത്തെ ദിവസത്തെ സംഭവത്തെക്കുറിച്ചുള്ള ജെബീനയുടെ വാക്കുകൾ.

ഷാബാ ഷെരീഫിനെ കാണാതെവന്നതോടെ ഇദ്ദേഹത്തിന്റെ കുടുംബം മൈസൂരുവിലെ സരസ്വതിപുരം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് വേണ്ടവിധത്തിൽ അന്വേഷിക്കാതെ സമയം കളഞ്ഞെന്ന് ജെബീന കുറ്റപ്പെടുത്തി. അന്നുതന്നെ കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഭർത്താവ് ഇപ്പോൾ തനിക്കൊപ്പം കൂടെയുണ്ടാകുമായിരുന്നു. കേരളത്തിൽനിന്നുള്ളവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഭർത്താവ് കൊല്ലപ്പെട്ടെന്ന വിവരം കേരളാ പോലീസാണ് അറിയിച്ചതെന്നും ജെബീന പറഞ്ഞു.

വിവാഹിതരായ എട്ടുമക്കളാണ് ഷാബാ ഷെരീഫ്-ജെബീന താജ് ദമ്പതിമാർക്കുള്ളത്. ഇവരിൽ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമായി നാലുപേർ ജെബീനയ്ക്കൊപ്പമാണ് താമസം. മറ്റുള്ളവർ മൈസൂരുവിന്റെ വിവിധയിടങ്ങളിൽ അവരവരുടെ കുടുംബസമേതം കഴിയുന്നു.

തെളിവ് നശിപ്പിച്ചത് മഞ്ജുവാര്യർ ? അന്വേഷണം മഞ്ജുവിലേക്ക്

pathram desk 1:
Related Post
Leave a Comment