കശ്മീര്‍ ഫയല്‍സ് എല്ലാ ഇന്ത്യക്കാരും കാണണം-ആമീര്‍ ഖാന്‍

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എല്ലാ ഇന്ത്യക്കാരും കാണണമെന്ന് ആഹ്വാനം ചെയ്ത് ആമീര്‍ ഖാന്‍. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ സിനിമയുടെ പ്രചാരണ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ആമീറിന്റെ പരാമര്‍ശം. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിച്ചുവെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ഈ സാഹചര്യത്തിലാണ് ആമീറിനോട് ചിത്രത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

ഞാന്‍ എന്തായാലും ആ ചിത്രം കാണും. ചരിത്രത്തിന്റ ഭാഗമാണത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതെന്തോ അത് ദുഖകരമാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാരും കാണണം. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിച്ചു. അതാണ് ആ ചിത്രത്തിന്റെ മനോഹാരിത. ഞാന്‍ എന്തായാലും കാശ്മീര്‍ ഫയല്‍സ് കാണും. ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമുണ്ട്- ആമീര്‍ പറഞ്ഞു.

അതേ സമയം വരാനിരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം ബി.ജെ.പി. പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചിത്രത്തിന്റെ താരപ്രചാരകനെന്ന് റാവുത്ത് കുറ്റപ്പെടുത്തി.

ബി.ജെ.പി.യുടെ തിരക്കഥ അനുസരിച്ചാണ് ചിത്രം ഇറങ്ങിയിട്ടുള്ളത്. ഈ ചിത്രം പല വസ്തുതകളും മൂടിവെക്കുന്നുണ്ടെന്നും റാവുത്ത് വിമര്‍ശിച്ചു. സാമ്നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് റാവുത്ത് ഇക്കാര്യം പരാമര്‍ശിച്ചത്. കശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരുമെന്നുള്ള വാഗ്ദാനം ബി.ജെ.പി. നിറവേറ്റിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിട്ടും കശ്മീരി പണ്ഡിറ്റുകള്‍ മടങ്ങിയെത്തിയിട്ടില്ലെന്നും ബി.ജെ.പി. ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും റാവുത്ത് ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment