ഓസ്‌ട്രേലിയയെ 96 റണ്‍സിന് തകര്‍ത്തു; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ നാലാം ഫൈനല്‍

ആന്റിഗ്വ: കളിയുടെ എല്ലാ മേഖലയിലും ഓസ്‌ട്രേലിയന്‍ യുവനിരയെ മറികടന്ന് ഇന്ത്യന്‍ സംഘം അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. സെമിയില്‍ ഓസീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഫൈനലാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ഔട്ടായി.

നേരത്തെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പതറിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷായിക് റഷീദ് – ക്യാപ്റ്റന്‍ യാഷ് ദുള്‍ സഖ്യമാണ്. സെഞ്ചുറി നേടിയ യാഷും ആറു റണ്‍സകലെ സെഞ്ചുറി നഷ്ടമായ റഷീദും ചേര്‍ന്ന് 204 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണര്‍മാരായ ആംഗ്രിഷ് രഘുവംശി (6), ഹര്‍നൂര്‍ സിങ് എന്നിവര്‍ നേരത്തെ മടങ്ങിയ ശേഷമായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം. യാഷ് 110 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 10 ഫോറുമടക്കം 110 റണ്‍സെടുത്തു. അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും ഇതോടെ യാഷ് സ്വന്തമാക്കി. റഷീദ് 108 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 94 റണ്‍സ് സ്വന്തമാക്കി. വെറും നാല് പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 20 റണ്‍സെടുത്ത ദിനേഷ് ബനയും ഇന്ത്യയ്ക്കായി തിളങ്ങി. രാജ്‌വര്‍ദ്ധന്‍ ഹാംഗര്‍ഗെകറാണ് (13) പുറത്തായ മറ്റൊരു താരം. നിഷാന്ത് സിന്ധു 12 റണ്‍സോടെ പുറത്താകാതെ നിന്നു.

ഓസീസിനായി ജാക്ക് നിസ്‌ബെറ്റ്, വില്യം സാല്‍സ്മാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് സംഘത്തെ ഇന്ത്യ തുടക്കത്തിലേ ഞെട്ടിച്ചു. ടിഗ്വെ വൈലി (1) രണ്ടാം ഓവറില്‍ തന്നെ പുറത്ത്. തുടര്‍ന്ന് കാംബെല്‍ കെല്ലാവെയും (30) കോറി മില്ലറും (38) ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 17-ാം ഓവറില്‍ മില്ലറെ ആംഗ്രിഷ് രഘുവംശി പുറത്താക്കിയതോടെ ഓസീസിന്റെ തകര്‍ച്ച തുടങ്ങി. പിന്നീട് കാര്യമായ കൂട്ടുകെട്ടുകളൊന്നും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ അനുവദിച്ചില്ല. 51 റണ്‍സെടുത്ത ലാച്ച്‌ലാന്‍ ഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ കൂപ്പര്‍ കോണോളി (3), ഇന്ത്യന്‍ വംശജനായ നിവേഥന്‍ രാധാകൃഷ്ണന്‍ (11), വില്യം സാല്‍സ്മാന്‍ (7), തോബിയാസ് സ്‌നെല്‍ (4), ജാക്ക് സിന്‍ഫീല്‍ഡ് (20), ടോം വിറ്റ്‌നി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 41.5 ഓവറില്‍ ഓസീസ് ഇന്നിങ്‌സ് ഇന്ത്യ ചുരുട്ടിക്കെട്ടി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്ക് ഒസ്ത്‌വാള്‍ ഇന്ത്യയ്ക്കായി തിളങ്ങി. രവി കുമാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Related Post
Leave a Comment