അപകടകാരണങ്ങൾ: സാധ്യതകളിങ്ങനെ

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽമാത്രമേ അപകടത്തിന്റെ കാരണത്തെക്കുറിച്ച്‌ വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധർ പറയുന്നത്.

സാധ്യതകൾ ഇങ്ങനെ

1. പ്രതികൂല കാലാവസ്ഥ

പാറക്കെട്ടുകളും മലകളും താഴ്‍വാരങ്ങളുമുള്ള പ്രദേശത്താണ് അപകടം നടന്നത്. ഒപ്പം മൂടൽമഞ്ഞും സാധാരണമാണ്. ഇവ കോപ്റ്ററുകളെ അപകടത്തിലാക്കുന്ന പ്രധാന ഘടകമാണ്. മൂടൽമഞ്ഞ് വൈമാനികരുടെ കാഴ്ച മറയ്ക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്.

2. എൻജിൻ തകരാറും സാങ്കേതികപ്രശ്നങ്ങളും

എൻജിൻ തകരാറുമൂലം കോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് അസാധാരണമല്ല. അപകടത്തിൽപ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എൻജിനുകളാണുള്ളത്. ഒരു എൻജിൻ തകരാറിലായാൽപ്പോലും സാധാരണഗതിയിൽ കോപ്റ്ററിനെ താഴെയിറക്കാൻ രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച് സാധിക്കും. രണ്ട് എൻജിനും തകരാറിലായാൽപ്പോലും ഓട്ടോറൊട്ടേഷൻ മോഡിൽ ഇറക്കാം.

കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്നങ്ങളും അപകടത്തിനുകാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ സഹായ അഭ്യർഥനാസന്ദേശം (ഡിസ്ട്രസ് കോൾ) അടുത്തുള്ള മോണിറ്ററിങ്‌ സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാൻ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാൽ, നീലഗിരി സംഭവത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

3. പൈലറ്റിന്റെ പിഴവ്

സാധാരണ വി.ഐ.പി., വി.വി.ഐ.പി.കൾ യാത്രചെയ്യുന്ന വ്യോമപാതയിൽ പലതവണ പരീക്ഷണപ്പറക്കൽ നടത്തി സുരക്ഷ ഉറപ്പുവരുത്താറുണ്ട്. സംയുക്ത സേനാമേധാവിയടക്കമുള്ള വി.ഐ.പി.കൾ യാത്രചെയ്യുന്ന കോപ്റ്ററുകൾ വിദഗ്ധരാണ് പറത്താറ്.

4. വൈദ്യുതലൈൻ വില്ലൻ

അപകടകാരണം വൈദ്യുത ലൈനാണെന്നും റിപ്പോർട്ടുണ്ട്. പ്രതികൂലകാലാവസ്ഥകാരണം കോപ്റ്റർ താഴ്ന്നുപറന്നപ്പോൾ വൈദ്യുതലൈനിൽ കുടുങ്ങി നിയന്ത്രണംതെറ്റിയതാണെന്നും പറയപ്പെടുന്നു.

pathram:
Leave a Comment