മെഗാലേലത്തില്‍ കൂടുതല്‍ താരങ്ങളെ കണ്ടെത്താന്‍ ധോനിയും കോലിയും പ്രതിഫലം കുറച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ അടിമുടി മാറിയാണ് ആരാധകരിലേക്കെത്തുന്നത്. ഇത്തവണ പത്ത് ടീമുകളാണ് കിരീടത്തിനായി പോരടിക്കുക. നിലവിലുള്ള എട്ട് ടീമുകൾ നാല് താരങ്ങളെ മാത്രം നിലനിർത്തി മറ്റുള്ളവരെ മെഗാ ലേലത്തിനായി കൈമാറി.

താരങ്ങളെ നിലനിർത്താനുള്ള അവസാന ദിനം പിന്നിട്ടപ്പോൾ എട്ട് ടീമുകളും വലിയ വില നൽകി ചില താരങ്ങളെ നിലനിർത്തി. പതിവുപോലെ സൂപ്പർ താരങ്ങളായ എം.എസ്.ധോനി ചെന്നൈ സൂപ്പർ കിങ്സിലും വിരാട് കോലി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലും തുടരും. എന്നാൽ ഇത്തവണ ഇരുവരും പ്രതിഫലം വെട്ടിക്കുറച്ചു.

കഴിഞ്ഞ സീസണിൽ 15 കോടി രൂപയായിരുന്ന ധോനിയുടെ പ്രതിഫലം ഇത്തവണ 12 കോടിയായി കുറഞ്ഞു. മൂന്ന് കോടി രൂപയാണ് ധോനി വെട്ടിക്കുറച്ചത്. കോലിയാകട്ടെ രണ്ട് കോടി രൂപയാണ് കുറച്ചത്. കഴിഞ്ഞ സീസണിൽ 17 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന കോലി ഇത്തവണ 15 കോടി രൂപയാക്കി കുറച്ചു.

ടീമുകൾക്ക് കൂടുതൽ താരങ്ങളെ മെഗാലേലത്തിൽ സ്വന്തമാക്കുന്നതിനുവേണ്ടിയാണിത്. ഇരുവരും പ്രതിഫലം കുറച്ചതോടെ ആ തുക ലേലത്തിനായി ടീമുകൾക്ക് ഉപയോഗിക്കാം. നിലനിർത്തിയ താരങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിച്ചത് ചെന്നൈ സൂപ്പർ കിങ്സിന്റെ രവീന്ദ്ര ജഡേജയ്ക്കും ഡൽഹി ക്യാപിറ്റൽസിന്റെ ഋഷഭ് പന്തിനും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കുമാണ്. ഇവർക്ക് 16 കോടി രൂപ വീതം ലഭിക്കും.

pathram desk 1:
Related Post
Leave a Comment