നിത അംബാനി കുടിക്കുന്ന പാനീയത്തിന്റെ വില 44 ലക്ഷമോ?

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സംരംഭകയുമായ നിത അംബാനിയുടെ ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകത്തിൽ വച്ചേറ്റവും വിലപിടിപ്പുള്ള പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞായിരുന്നു ചിത്രങ്ങൾ വൈറലായിരുന്നത്. എന്നാൽ സംഗതി വ്യാജമാണെന്നതാണ് സത്യം. മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയ ഫോട്ടോകളാണ് വൈറലായിരുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പാനീയമായ അക്വാ ഡി ക്രിസ്റ്റാലോ ട്രിബ്യൂട്ടോ മൊഡിഗ്ലിയാനി(Acqua di Cristallo Tributo a Modigliani) എന്ന പാനീയം കുടിക്കുന്ന നിത അംബാനി എന്നു പറഞ്ഞാണ് ചിത്രങ്ങൾ വൈറലായത്. അതിനു സമാനമായ കുപ്പിയിൽ നിന്ന് പാനീയം കുടിക്കുന്ന നിത അംബാനിയാണ് ചിത്രങ്ങളിലുണ്ടായിരുന്നത്. എന്നാൽ മിനറൽ വാട്ടറിന്റെ കുപ്പി മോർഫ് ചെയ്ത് മാറ്റിയാണ് വ്യാജചിത്രം നിർമിച്ചത്.

2015ൽ ഐപിഎൽ കാണുന്ന നിത അംബാനിയാണ് ചിത്രത്തിലുള്ളത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മാച്ച് കാണുകയായിരുന്നു നിത. സാധാരണ മിനറൽ വാട്ടർ കുടിക്കുന്ന ചിത്രം ആരോ പകർത്തിയിരുന്നു. ഇതാണ് ഇപ്പോൾ മോർഫ് ചെയ്ത് മാറ്റി പ്രചരിപ്പിക്കപ്പെട്ടത്.

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം എന്നതിന്റെ പേരിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പാനീയമാണിത്. 750 മില്ലി ലിറ്ററിന് $60,000 അഥവാ നാൽപത്തിനാലു ലക്ഷത്തോളം രൂപയാണ് പാനീയത്തിന്റെ വില. അതിനൊരു കാരണവുമുണ്ട്. ഭൂമിയുടെ മൂന്ന് വിവിധ ഭാഗങ്ങളിൽ നിന്നാണ് ഈ പാനീയം നിർമിക്കാനുള്ള ജലമെടുക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്ലൻ‍ഡ് തുടങ്ങിയ ഇടങ്ങളിൽ ലഭ്യമാകുന്ന ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് ഈ പാനീയം നിർമിക്കാൻ ഉപയോഗിക്കുന്നത്.
വെള്ളം മാത്രമല്ല, അതു തയ്യാറാക്കി നൽകുന്ന കുപ്പിയും വിലയ്ക്ക് പിന്നിലെ കാരണമാണ്. ഓരോ 750 മില്ലി ഗ്ലാസ് ബോട്ടിലും 24 കാരറ്റ് ഗോൾഡിനാൽ കവർ ചെയ്യപ്പെട്ടതാണ്. തീർന്നില്ല, പ്രശസ്ത ബോട്ടിൽ ഡിസൈനറായ ഫെർനാൻഡോ അൽതാമിരാനോ ആണ് ബോട്ടിൽ ഡിസൈൻചെയ്തിരിക്കുന്നത്. കക്ഷി ഡിസൈൻ ചെയ്ത ബോട്ടിലുകളെല്ലാം ലക്ഷങ്ങൾ വിലയുള്ളവയാണ്. അന്തരിച്ച ഇറ്റാലിയൻ കലാകാരൻ അമെഡിയോ ക്ലെമെന്റെ മൊഡിഗ്ലിയാനിക്ക് ആദരമായാണ് അദ്ദേഹം ഈ ഡിസൈൻ സ്വീകരിച്ചത്.

ഇനിയും തീർന്നില്ല പാനീയ വിശേഷങ്ങൾ. അക്വാ ഡി ക്രിസ്റ്റാലോയുടെ ഓരോ തുള്ളി ജലത്തിലും സ്വർണം അടങ്ങിയിട്ടുണ്ട്.. വെള്ളത്തിലെ സ്വർണത്തിന്റെ സാന്നിധ്യം സാധാരണ ജലത്തേക്കാൾ ഊർജം നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

pathram desk 1:
Leave a Comment