‘2 തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും അഞ്ജന നിരസിച്ചു; പ്രണയബന്ധത്തെക്കുറിച്ച് അറിയില്ല’

കൊച്ചി: ദുരൂഹസാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളിൽ ഒരാളായ അഞ്ജന ഷാജൻ, ഹോട്ടലിൽവച്ചു രണ്ടു തവണ മദ്യം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചിരുന്നെന്നു സഹോദരൻ അർജുൻ. നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിക്കു ശേഷം, രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അഞ്ജന മദ്യം കഴിക്കാനുള്ള വാഗ്ദാനം നിരസിച്ച ദൃശ്യമുള്ളത്. ഇതു പൊലീസ് തന്നെ കാണിച്ചിരുന്നു. അഞ്ജന ചില നൃത്തച്ചുവടുകൾ ചെയ്യുന്നത് വിഡിയോയിൽ കാണാം. പാർട്ടി കഴിഞ്ഞ് അഞ്ജന സന്തോഷത്തോടെ ഇറങ്ങിപ്പോരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇവർ സഞ്ചരിച്ച കാറിൽനിന്നു മദ്യക്കുപ്പി ലഭിച്ചെന്നു പറയുന്നു. പക്ഷേ ഹോട്ടലിൽനിന്നു നാലു പേരും കയ്യും വീശി ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരുപക്ഷേ അതു വാഹനത്തിൽ തന്നെ ഉണ്ടായിരുന്നതായിരിക്കും. ഹോട്ടലിൽനിന്ന് ഇറങ്ങിയപ്പോൾ അഞ്ജന മദ്യപിച്ചതിന്റെ യാതൊരു ലക്ഷണവും വിഡിയോയിൽ ഇല്ല. വീട്ടിൽ മദ്യം കയറ്റുന്നതിനോടു തന്നെ അവൾക്കു വിയോജിപ്പായിരുന്നു. തന്റെ വിവാഹത്തിനു പോലും സുഹൃത്തുക്കൾക്കു മദ്യം നൽകുന്നതിനെ അഞ്ജന എതിർത്തിരുന്നു. മദ്യപിക്കുന്നവർ ഉണ്ടെങ്കിൽ വീട്ടിൽ കയറ്റേണ്ട എന്നാണ് പറഞ്ഞത്. കാറോ‍ടിച്ച അബ്ദുൾ റഹ്മാൻ പൊലീസിനു നൽകിയ മൊഴി ശരിയാണോ എന്ന് അറിയില്ലെന്നും അർജുൻ പറഞ്ഞു.

അഞ്ജനയും അബ്ദുൽ റഹ്മാനും തമ്മിൽ പ്രണയത്തിലായിരുന്നെന്നു സുഹൃത്തു പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. ആദ്യമായാണ് ആ പയ്യനെ കാണുന്നത്. തന്നോടു പറയാൻ പറ്റില്ലെങ്കിലും അങ്ങനെ ഒരു ബന്ധമുണ്ടെങ്കിൽ അമ്മയോടെങ്കിലും പറയേണ്ടതാണ്. അഞ്ജനയ്ക്കു വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞ് വിവാഹത്തിന് അവൾ സമ്മതിക്കുകയും ചെയ്തു. മറ്റെന്തെങ്കിലും ബന്ധമുള്ളതായി അറിവില്ല. സഹോദരിക്ക് വീട്ടിൽ ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു. അവളുടെ സ്വകാര്യതയിൽ ഇടപെടാറുമില്ലായിരുന്നു.

അപകടം നടന്ന രാത്രി അമ്മയ്ക്ക് അഞ്ജന വോയ്സ് മെസേജ് ഇട്ടിരുന്നു. പുറത്താണ് ഉള്ളതെന്നും അൻസി കൂടെയുണ്ട്, നാളെ വരാമെന്നുമായിരുന്നു അവസാനത്തെ വോയ്സ് മെസേജ്. വരില്ലെന്നു പറഞ്ഞെങ്കിലും രാത്രി വരാൻ ഉദ്ദേശിച്ചായിരിക്കണം ഹോട്ടലിൽനിന്ന് ഇറങ്ങിയത്. ലഗേജ് കയ്യിൽ കരുതിയിരുന്നു.

പൊലീസ് വിളിപ്പിച്ച് കൊച്ചിയിൽ എത്തിയപ്പോഴാണ് ഹോട്ടൽ ഉടമ വലിയ സ്വാധീനമുള്ള ആളാണെന്ന് അറിയുന്നത്. ഇതുവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. പക്ഷേ ഭയമുണ്ട്. അപരിചിതർ വീട്ടിൽ വരുമ്പോൾ വിവരങ്ങൾ തിരക്കിയശേഷം മാത്രമാണ് സംസാരിക്കാറുള്ളത്. തന്റെയും കുടുംബത്തിന്റെയും സംശയങ്ങൾക്കെല്ലാം ഇതുവരെ പൊലീസ് കൃത്യമായി മറുപടിയും വിവരങ്ങളും നൽകുന്നുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അർജുൻ വ്യക്തമാക്കി.

pathram desk 1:
Leave a Comment