സ്‌കൂളിലെത്തിച്ച് അധ്യാപകന്‍ പീഡിപ്പിച്ചു; വിദ്യാര്‍ഥിനി ജീവനൊടുക്കി, പ്രിന്‍സിപ്പലിനെതിരേ കേസ്

ചെന്നൈ: കോയമ്പത്തൂര്‍ പീഡനക്കേസില്‍ വിദ്യാര്‍ഥിനിയുടെ പരാതി അവഗണിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ പോക്‌സോ കേസ് ചുമത്തി. പീഡനത്തിന് പിന്നാലെ ആത്മഹത്യചെയ്ത വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെതിരേ പോലീസ് കേസെടുത്തത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലെ അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് ദിവസം മുമ്പാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. സംഭവത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ് മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് നേരിട്ട് സ്‌കൂളിലെത്തണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പെണ്‍കുട്ടി സ്‌കൂളിലെത്തിയത്. ഇവിടെവെച്ച് മിഥുന്‍ ചക്രവര്‍ത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം താന്‍ പീഡനത്തിന് ഇരയായെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് കുട്ടി പരാതിപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പ്രിന്‍സിപ്പല്‍ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്നാണ് കുട്ടിയുടെ മരണശേഷം പ്രിന്‍സിപ്പലിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുറമേ മറ്റു രണ്ടുപേരുടെ പേരും എഴുതിവെച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

pathram:
Leave a Comment