പാക് വനിതയുമായുള്ള അമരീന്ദറിന്റെ സൗഹൃദം: അന്വേഷിക്കാന്‍ പഞ്ചാബ്; തിരിച്ചടിച്ച് ക്യാപ്റ്റന്‍

ചണ്ഡീഗഡ്: മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാക് വനിതയുമായുള്ള സൗഹൃദം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച അന്വേഷണ ഉത്തരവും പുറത്തിറക്കി. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദമാണ് അന്വേഷിക്കുന്നത്. അറൂസയ്ക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധവും അന്വേഷിക്കും. ഐ.എസ്.ഐയില്‍ നിന്ന് ഭീഷണിയുള്ളതായി അമരീന്ദര്‍ പറയുന്നു, സര്‍ക്കാര്‍ അത് ഗൗരവമായി കണ്ട് അന്വേഷണം നടത്തും.- പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു.

കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി പാക് ഡ്രോണുകളെ കുറിച്ച് ക്യാപ്റ്റന്‍ നിരന്തരം പറഞ്ഞിരുന്നു. ഇതിന് ശേഷം ബി.എസ്.എഫിനെ പഞ്ചാബില്‍ വിന്യസിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത് വിശദമായ അന്വേഷണത്തിന് വിധേയമാകേണ്ട കാര്യമാണ്, സുഖ്ജീന്ദര്‍ പറഞ്ഞു. പഞ്ചാബില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് സുഖ്ജീന്ദറാണ്. എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട ശേഷം അമരീന്ദറിനെതിരെ ഇത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചത് അദ്ദേഹത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അറൂസ ആലവുമായുള്ള തന്റെ സൗഹൃദം അന്വേഷിക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നീക്കങ്ങളെ അമരീന്ദര്‍ വിമര്‍ശിച്ചു. പഞ്ചാബിലെ നിയമവ്യവസ്ത പരിപാലിക്കുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി. അറൂസ ആലം കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അത് സര്‍ക്കാര്‍ അനുവാദത്തോടെയാണെന്നും അമരീന്ദര്‍ പ്രതികരിച്ചു.

തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും സുഖ്ജീന്ദര്‍ ഇത്തരമൊരു പരാതി ഉന്നയിച്ചതായി കണ്ടിട്ടില്ല. കഴിഞ്ഞ 16 വര്‍ഷമായി അറൂസ ഇന്ത്യയില്‍ വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ കേന്ദ്രം ഭരിച്ച എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ അറൂസയെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിച്ചുവെന്നാണോ പറയുന്നതെന്നും അമരീന്ദര്‍ ചോദിച്ചു. അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവായ രവീണ്‍ തുക്രാല്‍ ആണ് അദ്ദേഹത്തിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.

അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ഒക്ടോബര്‍ 19ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കര്‍ഷകരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുകയും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ ബി.ജെ.പിക്ക് ഒപ്പം സഖ്യം ചേരുന്നതിനുള്ള സാധ്യതകളെ കുറിച്ചും അമരീന്ദര്‍ മനസ്സ് തുറന്നിരുന്നു.

pathram:
Leave a Comment