പങ്കാളിയെ തേടി കടയില്‍ ബോർഡ് തൂക്കി, ഓസ്‌ട്രേലിയയില്‍ നിന്നടക്കം ആലോചനകളുടെ പ്രവാഹം

തൃശ്ശൂർ: ജീവിത പങ്കാളിക്ക് വേണ്ടിയുള്ള തിരച്ചിൽ മടുത്ത് സ്വന്തം കടയുടെ മുമ്പിൽ ബോർഡ് തൂക്കിയിട്ട് കടയുടമ. വല്ലച്ചിറ സ്വദേശി ഉണ്ണിക്കൃഷ്ണനാണ് ഇത്തരത്തിൽ ഒരു ബോർഡ് കടയുടെ മുമ്പിൽ സ്ഥാപിച്ചത്.

ജാതിമതഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു എന്നായിരുന്നു ബോർഡ്. ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെ ഓസ്ട്രേലിയയിൽ നിന്ന് വരെ വിവാഹാലോചനകൾ വന്നു എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

33 വയസ്സ് കഴിഞ്ഞു. നാട്ടുകാർ കാണാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചത്. ജീവിത പങ്കാളിയെ കിട്ടാതായതോടെ നാട്ടുകാരൊക്കെ കല്യാണമായില്ലേ എന്ന് ചോദിച്ചു തുടങ്ങി. തുടർന്ന് ഇത്തരത്തിൽ ഒരു ബോർഡ് വെക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

ഒരുപാട് ആലോചനകൾ വരുന്നുണ്ട്. ഒരുപാട് പേരെ പോയി കാണാനുണ്ട്. ഒറ്റക്ക് പോയി കാണാൻ സാധിക്കില്ല. നിലവിൽ വന്ന ആലോചനകളനുസരിച്ച് നോക്കിത്തീരാൻ തന്നെ രണ്ട് വർഷം എടുക്കുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ലോട്ടറി കടയിലായിരുന്നു ഉണ്ണിക്കൃഷ്ണന്റെ തുടക്കം. ശേഷം ഒരു ചായക്കട തുടങ്ങി. ഇനി ഒരു ലോട്ടറിയുടെ വലിയ കട തുടങ്ങാനും ചായക്കട റെസ്റ്റോറന്റാക്കി മാറ്റാനും ആലോചനയുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

സർക്കാർ ജോലിക്കാരെയും വൈറ്റ് കോളർ ജോലിക്കാരെയും മതി എന്ന് പറയുന്ന പെൺകുട്ടികളെ തെറ്റ് പറയാൻ പറ്റില്ല. കുട്ടികളൊക്കെ ഇപ്പോൾ വിദ്യാഭ്യാസമുള്ളവരാണ്. അവരുടെ വീട്ടുകാരും ഇത്തരത്തിൽ ചിന്തിക്കും. അത് അവരുടെ സ്വാതന്ത്ര്യമാണ്‌. നമുക്ക് യോഗമുണ്ടെങ്കിൽ നമുക്ക് കിട്ടും എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

pathram:
Leave a Comment