കാബൂളില്‍ ഐ.എസ്‌. ഭീകരാക്രമണം , 60 മരണം

കാബൂള്‍: താലിബാന്‍ പിടിച്ചടക്കിയ അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ രാജ്യാന്തരതലത്തിലുള്ള വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിന്റെ പുറത്ത്‌ ഇരട്ട സ്‌ഫോടനത്തില്‍ 60 മരണം. ആക്രമണത്തിനു പിന്നില്‍ രാജ്യാന്തര ഭീകരസംഘടനയായ ഐ.എസ്‌. കാബൂളിലെ ഹമീദ്‌ കര്‍സായി വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്‌ഫോടനങ്ങളില്‍ യു.എസ്‌. പൗരന്മാരും തദ്ദേശീയരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നാണ്‌ നിഗമനം. പരുക്കേറ്റ 140 പേരോളം ചികിത്സയിലുണ്ട്‌.

വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്തായിരുന്നു ആദ്യസ്‌ഫോടനം. താലിബാന്‍ അധികാരം പിടിച്ച പിന്നാലെ അഫ്‌ഗാനില്‍നിന്നു രക്ഷപ്പെടുന്നതിനായി ആയിരങ്ങളാണു വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനു മുന്നില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്നത്‌.

സമീപത്തെ ബാരന്‍ ഹോട്ടലിനു മുന്നിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. ഇതില്‍ ഒരെണ്ണം ചാവേര്‍ സ്‌ഫോടനമാണെന്ന നിഗമനത്തിലാണ്‌ രാജ്യാന്തര ഏജന്‍സികള്‍. വെടിവയ്‌പ്പുണ്ടായതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. തങ്ങളുടെ പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു.

വിമാനത്താവളത്തിലെ മൂന്നുഗേറ്റുകള്‍ക്കു മുന്നില്‍ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഏതുനിമിഷവും ഭീകരാക്രമണമുണ്ടാകാമെന്നു ബ്രിട്ടീഷ്‌ ്രപതിരോധമന്ത്രി ജെയിംസ്‌ ഹെപ്പെ പ്രസ്‌താവനയിറക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു സ്‌ഫോടനങ്ങള്‍. യു.എസ്‌. ഭടന്‍മാരും താലിബാന്‍ ഭീകരരും ഉള്‍പ്പടെ ഒട്ടനവധി പേര്‍ക്കു പരുക്കുണ്ട്‌. ആക്രമണം സ്‌ഥിരീകരിച്ചുകൊണ്ട്‌ യു.എസ്‌. പ്രതിരോധ വക്‌താവ്‌ ജോണ്‍ കിര്‍ബി ട്വീറ്റ്‌ ചെയ്‌തു.

പ്രസിഡന്റ്‌ ജോ ബൈഡന്‍ സ്‌ഥിതി വിലയിരുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. വിമാനത്താവളത്തിനു പുറത്തുള്ള ജനക്കൂട്ടത്തിലേക്ക്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ-ഖൊറാസന്‍ (ഐസിസ്‌-കെ) എന്ന ഐ.എസിന്റെ അഫ്‌ഗാന്‍ ഘടകം വാഹനബോംബുകള്‍ ഉപയോഗിച്ച്‌ ചാവേര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ യു.എസ്‌. എംബസിയും മുന്നറിയിപ്പുനല്‍കിയിരുന്നു.

വിമാനത്താവളത്തില്‍നിന്നു മാറിനില്‍ക്കാന്‍ ബ്രിട്ടീഷ്‌ പ്രതിരോധമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കു യാത്ര ചെയ്യരുതെന്നും ഭീകരാക്രമണഭീഷണി ശക്‌തമാണെന്നും ബ്രിട്ടന്റെ വിദേശകാര്യ-കോമണ്‍വെല്‍ത്ത്‌ ഓഫീസ്‌ വെബ്‌സൈറ്റിലൂടെ പൗരന്‍മാരെ അറിയിച്ചു.

ആരെങ്കിലും വിമാനത്താവളമേഖലയിലുണ്ടെങ്കില്‍ സുരക്ഷിതസ്‌ഥാനത്തേക്കു മാറി, കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കണം. മറ്റേതെങ്കിലും വിധത്തില്‍ അഫ്‌ഗാന്‍ വിടാന്‍ കഴിയുമെങ്കില്‍ എത്രയും വേഗം അതു ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.

pathram:
Leave a Comment