ആദ്യ ഭാര്യ പൊള്ളലേറ്റ്‌ മരിച്ച അതേ കുളിമുറിയില്‍ രണ്ടാം ഭാര്യയും പൊള്ളലേറ്റ്‌ മരിച്ചു

കായംകുളം: ആദ്യ ഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയില്‍ 11 വര്‍ഷത്തിനുശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വരിക്കോലില്‍ കിഴക്കതില്‍ ചന്ദ്രന്റെ ഭാര്യ സതിയമ്മ(54)യെയാണ്‌ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടത്‌. വീടിനു സമീപത്തെ കുളിമുറിയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. സതിയമ്മയെ വീടിനുള്ളില്‍ കാണാത്തതിനെത്തുടര്‍ന്നു ചന്ദ്രന്‍ പുറത്തെത്തി നോക്കിയപ്പോള്‍ കുളിമുറിക്കുള്ളില്‍ തീയും പുകയും ഉയരുന്നതു കണ്ടു. ഇയാള്‍ ബഹളംവച്ചതോടെ സമീപവാസികളെത്തി. തുടര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു.
പോലീസെത്തിയാണ്‌ തീയണച്ചത്‌. അപ്പോഴേക്കും സതിയമ്മ മരണമടഞ്ഞു. സമീപത്തുനിന്നു മണ്ണെണ്ണ നിറച്ച കന്നാസും കണ്ടെത്തി. വിരലടയാള വിദഗ്‌ധരും ഫോറന്‍സിക്‌ വിഭാഗവും പരിശോധന നടത്തി. ചന്ദ്രനില്‍നിന്നും സമീപവാസികളില്‍നിന്നും പോലീസ്‌ മൊഴിയെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ്‌ പറഞ്ഞു. ചന്ദ്രന്റെ ആദ്യ ഭാര്യ ഗീതയാണ്‌ ഇതേ കുളിമുറിയില്‍ 11 വര്‍ഷം മുമ്പ്‌ പൊള്ളലേറ്റു മരിച്ചത്‌.

pathram:
Related Post
Leave a Comment