ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ ജില്ലകളില്‍ അണ്‍ലോക്ക് തുടങ്ങി

മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അൺലോക്ക് നടപടികൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള ജില്ലകളെ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തും. ഔറഗാബാദ്, ബാന്ദ്ര, ധൂലെ, ജൽഗാവ്, ജൽന, നാസിക്, പർഭാനി, താനെ ഉൾപ്പെടെയുള്ള 18 ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിൽ ലോക്ഡൗൺ പൂർണമായും പിൻവലിക്കും.

തീയേറ്ററുകൾ, മാൾ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളെല്ലാം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കും. വിവാഹം, വിനോദ പരിപാടി, സിനിമ ചിത്രീകരണം എന്നിവയ്ക്ക് ഈ ജില്ലകളിൽ അനുമതി നൽകുമെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വിജയ് വഡെറ്റിവാർ പറഞ്ഞു.

അമരാവതി, ഹിൻഗോളി, മുംബൈ എന്നീ ജില്ലകളാണ് രണ്ടാംവിഭാഗത്തിൽ ഉൾപ്പെട്ടത്. ഈ ജില്ലകളിൽ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം പാടില്ല, 144 തുടരും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഹോട്ടൽ, വ്യായാമ കേന്ദ്രം, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് പ്രവർത്തിക്കാം. മുബൈയിൽ നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവാണുള്ളത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പൊതുജനങ്ങളെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വിജയ് വഡെറ്റിവാർ വ്യക്തമാക്കി.

കോലാപ്പൂർ, ഉസ്മനാബാദ്, അകോല, സിന്ധുദുർഗ്, സാൻഗ്ലി തുടങ്ങിയ ജില്ലകൾ മൂന്നാം വിഭാഗത്തിലും പുണെ, രിഗാദ് എന്നിവ നാലാം വിഭാഗത്തിലും ഉൾപ്പെടും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള അഞ്ചാം വിഭാഗത്തിൽ ഉൾപ്പെട്ട ജില്ലകളിൽ ലോക്ഡൗൺ തുടരും. ഇവിടെ യാത്ര ചെയ്യാൻ ഇ-പാസ് ആവശ്യമാണ്. സംസ്ഥാനത്തെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment