ഇന്ത്യയിൽ വിഡിയോ, വോയ്സ് കോളുകൾ വിലക്കിയേക്കും, പിന്നിൽ ടെലികോം കമ്പനികളോ?

പുതിയ ഐടി നിയമങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്ന വിഡിയോ കോൾ ആപ്പുകൾ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. സ്കൈപ്പ്, ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

വാട്സാപ്, ഫെയ്‌സ്ബുക് മെസഞ്ചർ, സ്കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ പരിധിയിൽ കൊണ്ടുവരാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും ആപ്പുകൾക്ക് ലൈസൻസിങ് സംവിധാനം തയാറാക്കുന്നതിനുമുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഡോട്ട് അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ഉപയോക്താക്കളുടെ കോളിങ്, മെസേജിങ് വിവരങ്ങൾ നല്‍കുന്ന കാര്യത്തിൽ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുമായി സർക്കാർ തർക്കത്തിലാണ്. മെസേജിങ് ആപ്ലിക്കേഷന്റെ പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ വാട്‌സപ്പും സർക്കാരും നിയമപോരാട്ടത്തിലാണ്.

വോയ്സ്, വിഡിയോ കോളിങ് ആപ്പുകളെ നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ ടെലികോം കമ്പനികൾ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്തരമൊരു വിലക്ക് സാധ്യമല്ലെന്നാണ് അന്നൊക്കെ ട്രായി അറിയിച്ചിരുന്നത്. വിഡിയോ കോളിങ് ആപ്പുകൾ വന്നതോടെ ടെലികോം കമ്പനികളുടെ വരുമാനം കുത്തനെ കുറഞ്ഞു. മെസേജ്, കോളുകൾ എന്നിവയ്ക്ക് ഇപ്പോൾ മിക്കവരും ആപ്പുകളാണ് ഉപയോഗിക്കുന്നത്.

വിഡിയോ കോളിങ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരാഴ്ച മുൻപ് തന്നെ തേടിയതായി ഡോട്ട് അധികൃതർ പറഞ്ഞു. എന്നാൽ, ട്രായിയുടെ ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് ഡോട്ടിലെ മിക്ക ഉദ്യോഗസ്ഥരും പ്രതികരിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

pathram desk 1:
Leave a Comment