മുംബൈ: ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മുംബൈയില്‍ തിരികെ എത്തിയത്. 2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഒനിബയെയും ഭര്‍ത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ ചതിയില്‍പ്പെടുത്തിയതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. ഒന്നരവര്‍ഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവില്‍ 2021 മാര്‍ച്ച് 31നാണ് ഇരുവരും ജയില്‍ മോചിതരായത്. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് ഇരുവരും മുംബൈ വിമാനത്താവളത്തില്‍ എത്തിയതെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
2019 ജൂലൈയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് ഇവരുടെ ബാഗില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്‌ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചു. ഖത്തറിലെ സുഹൃത്തിന് കൈമാറാന്‍ തബസ്സും ഏല്‍പ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. തബസ്സും തന്നെയാണ് ഇവരെ നിര്‍ബന്ധിച്ച് ദോഹയിലേക്ക് അയച്ചതും അവരുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തതും.
മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് അപ്പീല്‍കോടതി ഇരുവരെയും മോചിതരാക്കാന്‍ ഉത്തരവിട്ടത്.
പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസില്‍ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇടപെടല്‍ നടത്തി. ലഹരിക്കടത്തില്‍ ദമ്പതികള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ കോടതി ഇരുവരെയും വെറുതേവിട്ടത്. ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്‍കിയ കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളും ഹര്‍ജിക്കൊപ്പം നല്‍കിയതും മോചനത്തിന് തുറന്നു.
Leave a Comment