കുടം ചിഹ്നം അജി ബി. റാന്നിയ്ക്ക്; റാന്നിയിലെ എന്‍.ഡി.എയ്ക്ക് ആശങ്ക

റാന്നി നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ. പദ്മകുമാറിന് കുടം ചിഹ്നം നഷ്ടമായതില്‍ എന്‍.ഡി.എ ക്യാമ്പില്‍ ആശങ്ക. സ്വതന്ത്ര സ്ഥാനര്‍ഥിയായി മത്സരിക്കുന്ന ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അജി ബി.റാന്നിയ്ക്ക് കുടം ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതോടെയാണ് എന്‍.ഡി.എ ക്യാമ്പില്‍ ആശങ്ക ഉയരുന്നത്.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ മത്സരിക്കുമ്പോള്‍ കുടമായിരുന്നു പദ്മകുമാറിന്റെ ചിഹ്നം. ഇക്കുറിയും എന്‍.ഡി.എ ശ്രമിച്ചത് കുടം ചിഹ്നമായി ലഭിക്കാനാണ്. തെരഞ്ഞെടുപ്പ് ചിഹ്നമായി വലിയ പ്രചാരം നേടാത്ത ഹെല്‍മറ്റാണ് പദ്മകുമാറിന് ചിഹ്നമായി ലഭിച്ചത്. ഇതോടെ വോട്ടുകള്‍ ഗണ്യമായി നഷ്ടമാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്.

ബി.ജെ.പിയുടെ എപ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പെടുന്ന റാന്നിയില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ മുന്നണിക്ക് സാധിച്ചിരുന്നു. 2011-ല്‍ ബി.ജെ.പിയുടെ സുരേഷ് കാതംബരി നേടിയത് 6.18 ശതമാനം (7,442) വോട്ടുകളാണ്. ഇത് 2016 ലെ തെരഞ്ഞെടുപ്പില്‍ കെ. പദ്മകുമാര്‍ വോട്ടുവിഹിതം 21.06 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഇടത്-വലത് മുന്നണികള്‍ക്ക് വലിയ രീതിയില്‍ വോട്ടുകള്‍ കുറഞ്ഞിരുന്നു.

യു.ഡി.എഫിന് 10.05 ശതമാനവും എല്‍.ഡി.എഫിന് 4.64 ശതമാനം വോട്ടുകളും കുറഞ്ഞു. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ അനുകൂലമാണ് മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങള്‍ എന്നാണ് എന്‍.ഡി.എ വിലയിരുത്തല്‍. എല്ലാ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ് എന്നതും എന്‍.ഡി.എയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ് ചിഹ്നം നഷ്ടമായതിലൂടെ.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ അജി ബി. റാന്നിയോട് ചിഹ്നം വിട്ടുനല്‍കണമെന്ന ആവശ്യം പദ്മകുമാര്‍ ഉന്നയിച്ചുവെങ്കിലും അജി അതിന് തയ്യാറായില്ല. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മലയോര പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഹില്‍ ഇന്റഗ്രേറ്റഡ് ഡവലെപ്പ്മെന്റ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനറും, രക്തദാതാക്കളുടെ കൂട്ടായ്മയായ ഷെയര്‍ മൈ ബ്ലഡ് ഡോട്ട് ഓര്‍ഗിന്റെ എക്സിക്യട്ടീവ് ഡയറക്ടറുമാണ് നിലവില്‍ അജി ബി.റാന്നി.

pathram desk 2:
Leave a Comment