15 വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്.

15 വര്‍ഷങ്ങള്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റുമായി തിളങ്ങിയത്. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

ശ്രീശാന്ത് പന്തുമായി തിളങ്ങിയ മത്സരത്തില്‍ 49.4 ഓവറില്‍ ഉത്തര്‍ പ്രദേശ് 283 റണ്‍സിന് പുറത്തായി. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം ബാറ്റിങ് തുടരുകയാണ്.

2006-ന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ ശ്രീ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമാണ്. 2013 ഐ.പി.എല്ലിലെ വാതുവെയ്പ്പ് ആരോപണത്തില്‍ കരിയറിലെ ഏഴു വര്‍ഷമാണ് താരത്തിന് നഷ്ടമായത്.

ഇതിനു പിന്നാലെ 2021 ഐ.പി.എല്ലിനായി താരം തന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. 292 പേരായി വെട്ടിക്കുറച്ച അന്തിമ പട്ടികയില്‍ നിന്ന് ശ്രീശാന്ത് പുറത്താകുകയായിരുന്നു.

ഇതോടെ വിജയ് ഹസാരെ ടൂര്‍ണമെന്റിലെ രണ്ടു മത്സരങ്ങളില്‍ നിന്ന് ശ്രീശാന്തിന്റെ വിക്കറ്റ് നേട്ടം ഏഴായി.

pathram:
Related Post
Leave a Comment