ചെങ്കോട്ട സംഘര്‍ഷം: ഇക്ബാല്‍ സിംഗ് അറസ്റ്റില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഇക്ബാല്‍ സിംഗ് എന്നയാളെയാണു ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. സംഭവത്തില്‍ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നാണ് ഇക്ബാല്‍ സിംഗിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തില്‍ ഇക്ബാല്‍ സിംഗ് പ്രകോപനപരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. ചെങ്കോട്ടയില്‍ ഡ്യൂട്ടിയിലുള്ള പൊലീസിനെ സിംഗ് ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിച്ചിരുന്നു. പൊലീസിനെ വെടിവെയ്ക്കുമെന്നും ചെങ്കോട്ടയുടെ വാതില്‍ തുറന്നില്ലെങ്കില്‍ രക്തപ്പുഴ ഒഴുകുമെന്നും സിംഗ് ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

ദീപ് സിദ്ദുവിനെ ചോദ്യം ചെയ്യാന്‍ ഏഴു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അക്രമത്തില്‍ സിദ്ദുവിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സഞ്ജീവ് കുമാര്‍ യാദവ് അറിയിച്ചു.

pathram desk 2:
Leave a Comment