രാജ്യത്ത് എയർടെൽ 5ജി നെറ്റ്‌വർക്ക് ലൈവ് ആയി; ജിയോയെ കടത്തിവെട്ടി

രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാർതി എയർടെൽ പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ 5ജി സേവനം വിജയകരമായി പ്രദർശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയർടെൽ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.

എൻ‌എസ്‌എ (നോൺ സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ നിലവിലുള്ള 1800 മെഗാഹെർട്‌സ് ബാൻഡിൽ ലിബറലൈസ്ഡ് സ്പെക്ട്രത്തിന്റെ സേവനം ഉപയോഗിച്ചാണ് 5ജി സേവനം പരീക്ഷിച്ച് വിജയിച്ചതെന്ന് എയർടെൽ വക്താവ് പറഞ്ഞു. ഒരേ സ്പെക്ട്രം ബ്ലോക്കിനുള്ളിൽ തന്നെ 5ജി, 4ജി എന്നിവ ഒരേസമയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണിതെന്നും എയർടെൽ പറഞ്ഞു.

നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5ജിക്ക് 10x വേഗം, 10x ലേറ്റൻസി, 100x കൺകറൻസി എന്നിവ നൽകാൻ കഴിയുമെന്ന് എയർടെൽ അവകാശപ്പെടുന്നു. ഹൈദരാബാദിൽ ഉപയോക്താക്കൾക്ക് 5ജി സ്മാർട് ഫോണിൽ നിമിഷങ്ങൾക്കകം ഒരു മുഴുനീള സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിച്ചു, ഇത് കമ്പനിയുടെ സാങ്കേതിക കഴിവുകൾക്ക് അടിവരയിടുന്നതാണ്. ആവശ്യത്തിന് സ്പെക്ട്രം ലഭ്യമാകുകയും സർക്കാർ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ 5ജിയുടെ മുഴുവൻ സാധ്യതകളും എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ലഭ്യമാകുമ്പോൾ സിം കാർഡുകൾ സ്വിച്ചുചെയ്യേണ്ട ആവശ്യമില്ലെന്നും എയർടെൽ അവകാശപ്പെടുന്നു.
ഹൈദരാബാദ് ടെക് സിറ്റിയിൽ അവിശ്വസനീയമായ ഈ കഴിവ് പ്രകടിപ്പിക്കാൻ അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ എൻജിനീയർമാരെ അഭിനന്ദിക്കുന്നുവെന്ന് ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റാൽ പ്രസ്താവനയിൽ പറഞ്ഞു. 5ജി നവീകരണത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് സാധ്യമാക്കുന്നതിന് ആപ്ലിക്കേഷനുകൾ, ഉപകരണങ്ങൾ, നെറ്റ്‌വർക്ക് നവീകരണം എന്നിവ ഒരുമിച്ച് കൊണ്ടുവരാൻ ഇക്കോ സിസ്റ്റം ആവശ്യമാണ്. ഇതിനായി ശ്രമം നടത്താൻ ഞങ്ങൾ തയാറാണെന്നും ഗോപാൽ വിറ്റാൽ കൂട്ടിച്ചേർത്തു.

ജിയോയെയും വിഐയെയും കുറിച്ച് ചോദിച്ചപ്പോൾ, മത്സരത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും വാണിജ്യാടിസ്ഥാനത്തിൽ പരിശോധന നടത്തിയ ശേഷം പൂർണമായും 5ജി സജ്ജമാക്കിയിട്ട് സംസാരിക്കാമെന്നും വിറ്റാൽ പറഞ്ഞു. 2021 ന്റെ രണ്ടാം പകുതിയിൽ ജിയോയുടെ 5 ജി നെറ്റ്‌വർക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് റിലയൻസ് സിഇഒ മുകേഷ് അംബാനിയും പ്രഖ്യാപിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment