ഇന്ത്യൻ അതിർത്തിയിൽ താവളങ്ങൾ ഇരട്ടിയാക്കി ചൈന

ന്യൂഡൽഹി : മൂന്നു വർഷം കൊണ്ട് ഇന്ത്യൻ അതിർത്തിയിലുടനീളം ചൈന താവളങ്ങൾ ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. 2017ൽ സിക്കിമിലെ ദോക്‌ ലായിൽ ചൈനീസ് പ്രകോപനത്തിനു പിന്നാലെയാണ് ഇന്ത്യൻ അതിർത്തിയിലുടനീളം വ്യോമത്താവളങ്ങൾ നിർമിക്കാൻ തുടങ്ങിയത്. സ്ട്രാറ്റ്ഫോർ എന്ന പ്രമുഖ ആഗോള ഇന്റലിജൻസ് പ്ലാറ്റ്ഫോം പുറത്തുവിടാനിരിക്കുന്ന റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്.

ഇരട്ടിയിലേറെ വ്യോമത്താവളങ്ങളും പ്രതിരോധ മേഖലകളും നിർമിച്ചതു കൂടാതെ ഹെലിപോർട്ടുകളും വിന്യസിച്ചു. ചൈന 13 സൈനിക താവളങ്ങൾ നിർമിക്കുന്നതായാണ് റിപ്പോർട്ടുകൾ. മൂന്ന് വ്യോമത്താവളങ്ങൾ, അ‍ഞ്ച് സ്ഥിരം പ്രതിരോധ താവളങ്ങൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയാണ് നിർമിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളെ അധികരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള ചൈനീസ് നീക്കങ്ങളുടെ ഭാഗമാണ് താവളങ്ങൾ നിർമിക്കുന്ന ചൈനീസ് നടപടിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. താവളങ്ങളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾ വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിലൂടെ അതിർത്തി തർക്കം സംബന്ധിച്ച് സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധത്തെ ക്ഷീണിപ്പിക്കുക എന്നതാണ് ചൈനീസ് ലക്ഷ്യമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

pathram desk 1:
Leave a Comment