പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പിഎം കെയേഴ്സ് ശേഖരിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും അത് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പണമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ഈ പണം കൈമാറുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അങ്ങനെ ആകാമെന്നും കോടതി പറഞ്ഞു.

പിഎം കെയേഴ്സ് ഫണ്ടിനെതിരെ ഒരു എന്‍ജിഒ ആണ് ഹര്‍ജി നല്‍കിയത്. പിഎം കെയേഴ്സ് ഫണ്ടിലെ നിലവിലുളളതും ഭാവിയിലുളളതുമായ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്റുകളും എന്‍ഡിആര്‍എഫിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പിഎം കെയേഴ്സ് ഫണ്ട് ദുരന്തനിവാരണ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മാര്‍ച്ച് 28-നാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത് കോവിഡ് 19 പോലുളള അപ്രതീക്ഷിത അടിയന്തരസാഹചര്യങ്ങളില്‍ ദുരിതാശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടങ്ങിയത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുളളവര്‍ ഇത്തരമൊരു ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും അതിന്റെ നിയമസാധുതയെ കുറിച്ചുമുളള ചോദ്യങ്ങള്‍ നേരത്തേ ഉന്നയിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

pathram:
Leave a Comment