മകന് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് ബാബു ആന്റണി

മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയി അറിയപ്പെടുന്ന നടനാണ് ബാബു ആന്റണി. ആയോധനകലയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് വേറിട്ട രീതി നല്‍കുകയുമുണ്ടായി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയെത്തിയ അദ്ദേഹം കോട്ടയം പൊന്‍കുന്നം സ്വദേശിയും നടനുമായ ടി ജെ ആന്റണിയുടെയും മറിയം ആന്റണിയുടെയും മകനാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള ആളുമാണദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ആര്‍തറിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ച വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

റഷ്യന്‍ – അമേരിക്കന്‍ സ്വദേശിയായ എവിജെനിയയെ ആണ് ബാബു ആന്റണി വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്, ആര്‍തര്‍, അലക്‌സ്. ഇപ്പോഴിതാ തന്റെ മകന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വിശേഷം അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. ഇത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരവും അഭിമാനകരമായ നിമിഷവുമാണ്, ആര്‍തറിന് എംഎംഎയില്‍ തന്റെ ആദ്യത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചിരിക്കുകയാണ്, ബാബു ആന്റണി കുറിച്ചിരിക്കുകയാണ്.

എന്റെ പരിശീലനത്തിലാണ് ആര്‍തര്‍ ഇത് നേടിയത്. അവന്റെ അഞ്ചാമത്തെ വയസ്സില്‍ എന്റെ ആദ്യത്തെ മാസ്റ്ററായ പൊന്‍കുന്നത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ സ്ലൈവര്‍ ഡ്രാഗണ്‍ കുങ്ഫു സ്‌കൂളിലും പരിശീലനം നേടിയിട്ടുണ്ട് ആര്‍തര്‍, ബാബു ആന്റണി കുറിപ്പില്‍ പറയുന്നു.

ബ്രൂസ് ലീയുടെ സുഹൃത്ത്, കോസ്റ്റാര്‍, സ്പാരിംഗ് പങ്കാളി( ചക്ക് നോറിസ് സിസ്റ്റത്തിന് കീഴില്‍) ആര്‍തറിന് ശിക്ഷണം നല്‍കി. ഇപ്പോള്‍ 10 വയസ്സുള്ള എന്റെ ഇളയ മകന്‍ അലക്‌സിനെയും ഞാന്‍ പരിശീലിപ്പിക്കുന്നുണ്ട്. ആര്‍തറിന് 2020 മെയ് 31 നാണ് 15 വയസ്സ് തികഞ്ഞത്, ബാബു ആന്റണി തന്റെ രണ്ട് മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ നായകവേഷത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയുമാണ്.

pathram:
Related Post
Leave a Comment