മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രിയായ ഒ.പനീര്‍സെല്‍വത്തെ 2021-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് പാര്‍ട്ടിക്കുള്ളില്‍ അലയൊലികള്‍ സൃഷ്ടിച്ചത്.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒ.പനീര്‍സെല്‍വത്തിന്റേയും മുഖ്യമന്ത്രി പളനിസ്വാമിയുടേയും വീടുകളിലേക്ക് ഓടുന്ന തിരക്കിലായിരുന്നു തമിഴ്‌നാട്ടിലെ മുതിര്‍ന്ന മന്ത്രിമാര്‍.

പനീര്‍സെല്‍വത്തിന്റെ ജന്മനാടായ തേനിയിലാണ് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒ.പി.എസ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും 2021CMforOPS എന്ന ഹാഷ്ടാഗും പോസ്റ്ററുകളിലുണ്ടായിരുന്നു.

പോസ്റ്ററുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ രാവിലെ 11 മണിയോടെ മുതിര്‍ന്ന മന്ത്രിമാര്‍ പനീര്‍സെല്‍വത്തിന്റെ വീട്ടിലെത്തി. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നീങ്ങി. അവിടെ അരമണിക്കൂര്‍ ചര്‍ച്ച. തിരിച്ച് വീണ്ടും ഒരു സംഘം മന്ത്രിമാര്‍ പനീര്‍സെല്‍വത്തിന്റെ വസതിയിലേക്കെത്തി. അതേ സമയം പരസ്യപ്രതികരണത്തിന് മന്ത്രിമാര്‍ ആരും തയ്യാറായതുമില്ല.

ഇതിനിടെ വൈകുന്നേരത്തോടെ പനീര്‍സെല്‍വവും പളനിസ്വാമിയും സംയുക്ത പ്രസ്താവനയിറക്കി. നയപരമായ എല്ലാ തീരുമാനങ്ങളും ജനാധിപത്യപരമായി എടുക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നേരത്തെ മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്ന മന്ത്രി കെ.സെല്ലൂര്‍ രാജുവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഭിന്നത രൂപപ്പെട്ടത്. പളിസ്വാമിയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അദ്ദേഹം തന്നെ തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് മന്ത്രി കെ.ടി.രാജേന്ദ്ര ബാലാജി ഇതിനോട് പ്രതികരിച്ചത്.

അഴിമതി കേസിനെ തുടര്‍ന്ന് രണ്ടു തവണ സ്ഥാനമൊഴിഞ്ഞപ്പോഴും ജയലളിത പനീര്‍സെല്‍വത്തെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നത്. ജയലളിതയുടെ മരണശേഷവും പനീര്‍സെല്‍വം മുഖ്യമന്ത്രിയായി.

പിന്നീട് ശശികല പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും തുടര്‍ന്നുണ്ടായ നാടകീയ നീക്കങ്ങളും പാര്‍ട്ടിയിലെ പൊട്ടിത്തെറിയും മുഖ്യമന്ത്രി പദം പളനിസ്വാമിയിലേക്കെത്തിക്കുകയായിരുന്നു. വിമതനായി മാറിയ പനീര്‍സെല്‍വം ശശികല ജയിലിലായതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി പളനിസ്വാമിക്കൊപ്പം ചേര്‍ന്ന് ഉപമഖ്യമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു.

pathram:
Leave a Comment