ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ എന്ന നേട്ടത്തില്‍ രാജ്യം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 56,110 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണിത്. ഫലപ്രദമായ കണ്ടെയ്ന്‍മെന്റ് നയം, ഊര്‍ജ്ജിതവും സമഗ്രവുമായ പരിശോധന, കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഈ നേട്ടത്തിലെത്തിയത്.

കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ കൂട്ടായ  പരിശ്രമത്തിന്റെ ഫലമായാണ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ജൂലൈ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 15000 ആയിരുന്നു. ഓഗസ്റ്റ് ആദ്യ വാരമായപ്പോഴേയ്ക്കും ഇത് 50000 എന്ന നിലയിലേയ്ക്കുയര്‍ന്നു.

കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,39,599 ആയി. രോഗമുക്തിനിരക്ക് 70.38% എന്ന പുതിയ ഉയരത്തിലെത്തി.

രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ  27.64% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,43,948). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ പത്തുലക്ഷത്തോളം വര്‍ധിച്ചു.

ആശുപത്രികളിലെ മികച്ചതും ഫലപ്രദവുമായ ചികിത്സ, രോഗികളെ സമയബന്ധിതവുമായ ചികിത്സയ്ക്കായി എത്തിച്ച ആംബുലന്‍സുകള്‍ തുടങ്ങി സമഗ്രമായ സേവനങ്ങള്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതിന് ഇടയാക്കി. അതുകൊണ്ടുതന്നെ ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്് 1.98% ആണ്.

ഇന്ത്യയുടെ ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് സ്ട്രാറ്റജി നയത്തിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,33,449 പരിശോധനകള്‍ നടത്തി. രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം  2.6 കോടി കവിഞ്ഞു. ദശലക്ഷത്തിലെ പരിശോധന 18,852 ആയി വര്‍ധിച്ചു.

രാജ്യത്ത് കോവിഡ് പരിശോധന തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 1421 ലാബുകളാണുള്ളത്. ഗവണ്‍മെന്റ് മേഖലയില്‍ 944-ഉം സ്വകാര്യ മേഖലയില്‍ 477-ഉം ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 724 (ഗവണ്‍മെന്റ: 431 + സ്വകാര്യമേഖല: 293)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 584 (ഗവണ്‍മെന്റ: 481 + സ്വകാര്യമേഖല: 103)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 113 (സര്‍ക്കാര്‍: 32 + സ്വകാര്യം: 81)

pathram desk 2:
Leave a Comment