ചൈനീസ് ടിക്‌ടോക് വാങ്ങാനില്ലെന്ന് ആപ്പിള്‍; അറിയില്ലാത്ത പണിക്കാണ് മൈക്രോസോഫ്റ്റ് ഇറങ്ങുന്നത്

സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്, ചെറിയ വിഡിയോ ഷെയർ ചെയ്യുന്ന ചൈനീസ് ആപ്പിന്റെ അമേരിക്കയിലെ ഉടമസ്ഥതാവകാശം വാങ്ങനുള്ള ശ്രമത്തിലാണെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിനിടയില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ടിക്‌ടോക് വാങ്ങാന്‍ ആപ്പിളും ശ്രമിക്കുന്നുവെന്നു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആപ്പിള്‍ പ്രതിനിധികള്‍ പറഞ്ഞത് അത്തരത്തിലൊരു ശ്രമവും കമ്പനി നടത്തുന്നില്ല എന്നാണ്. ടിക്‌ടോകിന്റേത് പരസ്യത്തില്‍ നിന്നു വരുമാനമുണ്ടാക്കുന്ന രീതിയാണ്. ടാര്‍ഗറ്റഡ് അഡ്വര്‍ട്ടൈസിങ് എന്ന പരിപാടിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കാത്ത ലോകത്തെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ആപ്പിള്‍. അങ്ങനെ നോക്കിയാല്‍ ഒരിക്കലും അവര്‍ ടിക്‌ടോക് പോലെയൊരു ആപ് വാങ്ങുന്ന കാര്യം ചിന്തിക്കു പോലുമില്ലെന്നു കാണാം. അതേസമയം, ടാര്‍ഗറ്റഡ് പരസ്യ രീതി അനുവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമെതിരെ മൈക്രോസോഫ്റ്റിന് മത്സരിക്കാന്‍ ടിക്‌ടോക് ഉപകരിച്ചേക്കുമെന്നും പറയുന്നു.

അറിയില്ലാത്ത പണിക്കാണ് മൈക്രോസോഫ്റ്റ് ഇറങ്ങുന്നതെന്നു പറയുന്നവരുണ്ട്. ചില്ലറ പണമൊന്നുമല്ല മുടക്കുന്നതും- 5000 കോടി ഡോളറാണ് ടിക്‌ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത്. ആ പൈസയൊക്കെ മൈക്രോസോഫ്റ്റിനു കൊടുക്കാന്‍ കഴിയും. യുവാക്കളെ ആകര്‍ഷിച്ചു നിർത്തുന്ന എന്തൊ ഒന്ന് ടിക്‌ടോകിലുണ്ട്. അത് ആപ്പിന്റെ പേരിലൊന്നുമല്ല ഇരിക്കുന്നത്. യുവാക്കളുടെ മനമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ടീം ടിക്‌ടോകിനു പിന്നിലുണ്ടെന്നു വേണം സങ്കല്‍പ്പിക്കാന്‍. അതൊന്നും തുടര്‍ന്നു കൊണ്ടുപോകാന്‍ മൈക്രോസോഫ്റ്റിനു സാധിക്കണമെന്നില്ല. അങ്ങനെ വന്നാല്‍, ഉപയോക്താക്കള്‍ വേറെ വഴിയന്വേഷിക്കും. ആപ്പുകള്‍ക്ക് എപ്പോഴും പുതിയ ഫീച്ചറുകള്‍ നല്‍കിക്കൊണ്ടിരിക്കേണ്ടി വരും. അതൊന്നും മൈക്രോസോഫ്റ്റിനു ശീലമുള്ള കാര്യമല്ല. അതുകൊണ്ട് ടിക്‌ടോക് ആപ് വാങ്ങി മൈക്രോസോഫ്റ്റ് ആപ്പിലാകാനുള്ള സാധ്യത ഉണ്ട്. തങ്ങള്‍ വാങ്ങിയ പല കമ്പനികളും പൂട്ടിക്കെട്ടുക എന്നത് മൈക്രോസോഫ്റ്റിന്റ ചരിത്രത്തിലുള്ള കാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, കാലോചിതമായി പരിഷ്‌കരിച്ചു കൊണ്ടിരുന്നാല്‍, ഗൂഗിളിനു യുട്യൂബ് എന്ന പോലെ മൈക്രോസോഫ്റ്റിന് ടിക്‌ടോക് പണം നൽകിക്കൊണ്ടിരിക്കുമെന്നും വാദമുണ്ട്.

pathram desk 1:
Related Post
Leave a Comment