കോവിഡ് കേസുകളിൽ ഇന്ത്യയാണ് മുന്നിൽ; മോഡിക്കെതിരേ രാഹുൽ

ന്യൂഡൽഹി: കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാൽ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച നിലയിലെത്താൻ കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി രംഗത്ത്.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമർശിക്കാൻ 10 രാജ്യങ്ങളുടെ കോവിഡ് താരതമ്യ ഇൻഫോഗ്രാഫിക് ആണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 53000 കേസുകൾ ഒറ്റദിവസം രേഖപ്പെടുത്തി ഇന്ത്യയാണ് മുന്നിൽ. ഈ കണക്കാണ് രാഹുൽ പങ്കുവെച്ചത്. 38000ത്തിൽ അധികം പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 18 ലക്ഷം കടന്നു. നിലവിൽ 5.8 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്താണെന്ന് ജൂലൈ 28 നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആ സമയം 45000 കേസുകളാണ് ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ജൂലൈ 30 മുതൽ പ്രതിദിന കണക്ക് 50,000 കടന്നു.

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ കേസുകളിലുണ്ടായ വർധന ഗ്രാഫിക്സിലൂടെ ചൂണ്ടിക്കാണിച്ച് ഇന്ത്യയുടെ ലോക്ക്ഡൗൺ പരാജയമായിരുന്നെന്ന് രാഹുൽ ഗാന്ധി ജൂൺ ആദ്യം ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് 10ഓടെ 20 ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ മാസം മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ 18 ലക്ഷം കേസുകൾ കടന്നതിനാൽ രാഹുലിന്റെ പ്രവചനം യാഥാർഥ്യമാവുമെന്ന് വേണം കരുതാൻ.

pathram desk 2:
Leave a Comment