ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിക്കയറ്റി പോലീസിന്റെ ക്രൂരത

ദെഹ്‌റാദൂണ്‍: ഹെല്‍മറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിക്കയറ്റി. സിറ്റി പോലീസ് പട്രോളിങ് യൂണിറ്റിലെ പോലീസുകാരാണ് വാഹനപരിശോധനയ്ക്കിടെ യുവാവിനെ ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ ആക്രമിച്ചത് വിവാദമായതോടെ സിറ്റി പട്രോളിങ് യൂണിറ്റിലെ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ യുവാവിനെയും സുഹൃത്തിനെയും ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് തടഞ്ഞുവെച്ചത്. തുടര്‍ന്ന് യാത്രക്കാരും പോലീസുകാരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെയാണ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് പോലീസുകാരന്‍ യുവാവിന്റെ നെറ്റിയില്‍ കുത്തിയത്. കണ്ണിന് മുകളിലായി താക്കോല്‍ തറച്ചുനിന്നു. സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചോരയൊലിച്ച് നെറ്റിയില്‍ തറച്ച താക്കോലുമായി യുവാവ് റോഡില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ജനങ്ങള്‍ സംഘടിക്കുകയും പോലീസിനെതിരേ തിരിയുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. പിന്നീട് എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളെത്തിയാണ് രംഗം ശാന്തമാക്കിയത്.

pathram:
Leave a Comment