ചൈനീസ് ആപ്പെന്ന ‘ചീത്തപ്പേരില്‍നിന്ന്’ ഒഴിഞ്ഞുനില്‍ക്കാനുള്ള ശ്രമം; ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നു

ലണ്ടന്‍: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന ‘ചീത്തപ്പേരില്‍നിന്ന്’ ഒഴിഞ്ഞുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് യുകെ സര്‍ക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.

ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോള്‍. ഈ വര്‍ഷം ആദ്യമാണ് ടിക്ടോക് കലിഫോര്‍ണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാള്‍ട്ട് ഡിസ്‌നിയുടെ കോ എക്‌സിക്യൂട്ടീവായ കെവിന്‍ മേയറെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ച് വന്‍ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ചത്.

യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ നിരോധനത്തിനു തയാറെടുക്കുകയാണ്. യുഎസില്‍നിന്നു തിരിച്ചടി കിട്ടിയാല്‍ പെട്ടെന്നു മാറേണ്ട അവസ്ഥയിലാണ് ടിക്ടോക്. ചൈനയ്ക്കു പുറത്ത് ലണ്ടനിലും മറ്റു ഓഫിസുകളിലും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നത്.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment