കര്‍ണാടകയില്‍ സമൂഹ വ്യാപനം

ബംഗളൂരു: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെ.സി. മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി.

‘സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച് തുംകുരു കോവിഡ് ആശുപത്രിയില്‍ പ്രവേശിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. അവരുടെ ജീവന്‍ നിലനിര്‍ത്താമെന്നതിന് ഒരുറപ്പും നിലവില്‍ പറയാനാവില്ല. സാമൂഹിക വ്യാപനം ഉണ്ടാകുന്നുണ്ട് എന്നാണ് ഞങ്ങളിപ്പോള്‍ ഭയപ്പെടുന്നത്’, മധുസ്വാമി പറഞ്ഞു.

രോഗവ്യാപനം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും മധുസ്വാമി പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി സി എം അശ്വത് നാരായണ്‍ എന്നിവര്‍ സമൂഹവ്യാപനം ഇല്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന പുറത്ത് വന്നത്.

1843 പുതിയ കേസുകളാണ് കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25000 കടന്നു. 401 പേരാണ് കര്‍ണാടകയില്‍ മാത്രമായി കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കോവിഡ്19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 7,19,665 ആയിട്ടുണ്ട്. ഇതില്‍ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേര്‍ രോഗമുക്തി നേടിയതായും 20,160 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,571 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ 1,571 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

ഡല്‍ഹിയില്‍ 1,00,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേര്‍ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

follow us: PATHRAM ONLINE

pathram:
Leave a Comment