രാജ്യത്തെ വിഭജിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നു; രാഹുല്‍ രഹസ്യമായി ചൈനീസ് എംബസിയില്‍ പോയിആരോപണവുമായി ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ. നിര്‍ണായക സമയത്ത് രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കാനും ഇന്ത്യന്‍ സേനയുടെ ആത്മവീര്യത്തെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു.

മുമ്പ് കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുല്‍ ഇത്തരത്തില്‍ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതെന്നും നഡ്ഡ ട്വിറ്ററിലൂടെ ചോദ്യമുയര്‍ത്തി. പഴയ മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ രാഹുലിനെതിരേ രംഗത്തെത്തിയത്.

ആദ്യം കോണ്‍ഗ്രസ് ചൈനയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് മുന്നില്‍ അടിയറവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഡോക്‌ലാം സംഘര്‍ഷ സമയത്ത് രാഹുല്‍ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയില്‍ പോയിരുന്നുവെന്നും ജെ.പി നഡ്ഡ ആരോപിച്ചു.

ഇന്ത്യചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സര്‍ക്കാറിനെതിരേയും രാഹുല്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ ബി.ജെ.പി അധ്യക്ഷന്‍ വിമര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെയും കഴിഞ്ഞ ദിവസം നഡ്ഡ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്ന് നഡ്ഡ ആരോപിച്ചിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment