ഇന്ത്യ – ചൈന പാംഗോങ് മലനിരകളിലും സംഘര്‍ഷം, 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന 300 ഓളം ടെന്റു കെട്ടി നിലയുറപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ – ചൈന സൈനികര്‍ ഏറ്റുമുട്ടിയ ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഗല്‍വാനില്‍ നിന്ന് പാംഗോങ്ങിലേക്കുള്ള ദൂരം 110 കിലോമീറ്റര്‍.

8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളില്‍ 62 ഇടങ്ങളിലായി സൈനികരെ പാര്‍പ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം. ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയില്‍ ഇന്ത്യയുടെ വന്‍ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മാസങ്ങളോളം നിലയുറപ്പിക്കാന്‍ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാന്‍ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗല്‍വാനിലേക്കാള്‍ ഗണ്യമായ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു നീണ്ടാല്‍ ഇരുഭാഗത്തും വന്‍ നാശനഷ്ടമുണ്ടാകും. സേനാ വിന്യാസത്തിന്റെ അളവില്‍ കിഴക്കന്‍ ലഡാക്കിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശം പാംഗോങ് മലനിരകളാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിനു ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിര്‍ത്തിയിലെ ജവാന്‍മാര്‍ക്കിടയില്‍ ശക്തമാണ്.

ആ വികാരം ആളിക്കത്തി, കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണു സേനാ കമാന്‍ഡമാര്‍. സംഘര്‍ഷം നിലനില്‍ക്കുന്ന ഹോട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റുകളായ 15, 17 എന്നിവയ്ക്കു സമീപവും ചൈന സന്നാഹം വര്‍ധിപ്പിക്കുകയാണ്.

സേനാ നേതൃത്വങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടത്തുന്ന കൂടിക്കാഴ്ചകളില്‍ പാംഗോങ്ങില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും ചൈന സമ്മതിച്ചിട്ടില്ല. ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ച ശേഷം പാംഗോങ് ചര്‍ച്ച ചെയ്യാമെന്നാണു നിലപാട്. ഗല്‍വാന്‍ മുഴുവന്‍ തങ്ങളുടേതാണെന്ന വിചിത്ര വാദമുന്നയിച്ച്, അവിടെ തര്‍ക്കപരിഹാരം അനന്തമായി നീട്ടാനും ഇതിനിടെ, സേനാ സന്നാഹം പരമാവധി വര്‍ധിപ്പിക്കാനുമാണു ശ്രമം.

ഗല്‍വാനിലെ പിന്മാറ്റം സംബന്ധിച്ചു ധാരണയായ ശേഷം അപ്രതീക്ഷിത ഏറ്റുമുട്ടലിലൂടെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ചൈന തുനിഞ്ഞതും അതുകൊണ്ടാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. പാംഗോങ്ങിലെ വന്‍ പടയൊരുക്കത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും ചൈനയുടെ ഗൂഢനീക്കത്തിനു തെളിവാണ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment