സുശാന്തിനോട് ഒന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മുഹമ്മദ് ഷമി

വിഷാദരോഗം പ്രത്യേകം പരിഗണന നല്‍കേണ്ട പ്രശ്‌നമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന്റെ വെളിച്ചത്തിലാണ് വിഷാദ രോഗത്തെക്കുറിച്ച് മുഹമ്മദ് ഷമിയുടെ അഭിപ്രായ പ്രകടനം. വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സമയത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഷമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബാല്‍ക്കണിയില്‍നിന്ന് ചാടി താന്‍ ജീവനൊടുക്കുമെന്ന ഭയത്താല്‍ തന്റെ സുഹൃത്തുക്കള്‍ എപ്പോഴും തനിക്കു കൂട്ടിരുന്നതായും ഷമി പറഞ്ഞിരുന്നു.

വിവാഹ ബന്ധത്തിലെ തകര്‍ച്ചയും കരിയറിലെ പരുക്കുകളും തളര്‍ത്തിയതോടെ വിഷാദത്തിന് അടിപ്പെട്ട ഷമി, പിന്നീട് ഇരട്ടി കരുത്തോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനവുമായി കളം നിറയുകയും ചെയ്തു. കരിയറിലെയും വ്യക്തിബന്ധങ്ങളിലെയും പ്രശ്‌നങ്ങള്‍ നിമിത്തം വിഷാദത്തിലേക്ക് വഴുതിവീണാണ് സുശാന്ത് ജീവനൊടുക്കിയതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്, സമാനമായ പ്രശ്‌നങ്ങളില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഷമിയുടെ പ്രതികരണം.

‘വിഷാദം പ്രത്യേകം പരിഗണന നല്‍കേണ്ട ഒരു പ്രശ്‌നം തന്നെയാണ്. ഇതിന്റെ പിടിയില്‍പ്പെട്ട് സുശാന്ത് സിങ് രാജ്പുത്തിനേപ്പോലൊരു മികച്ച നടന്‍ ജീവിതം അവസാനിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. അദ്ദേഹം എന്റെയൊരു സുഹൃത്തായിരുന്നു. മാനസികമായി അദ്ദേഹം അനുഭവിച്ചിരുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തോട് ഒന്ന് സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിച്ചുപോകുന്നു. എന്റെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയാണ് ആ മോശം കാലഘട്ടം അതിജീവിക്കാന്‍ സഹായിച്ചത്. എനിക്ക് ശക്തമായ പിന്തുണ നല്‍കിയ അവര്‍ പോരാടി തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും എനിക്കു മനസ്സിലാക്കിത്തന്നു’ ഷമി വിശദീകരിച്ചു.

‘എനിക്കും ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉറപ്പുവരുത്തി. ആരെങ്കിലുമൊക്കെ എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരിക്കും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മുടെ ആത്മീയ ചിന്തകളും സഹായകരമാണ്. പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതൊക്കെ വളരെയധികം പ്രയോജനപ്പെടും’ ഷമി പറഞ്ഞു.

നമ്മുടെ ശാരീരികമായ അവസ്ഥയെപ്പോലും സ്വാധീനിക്കാന്‍ മാനസിക നിലയ്ക്ക് കഴിയും. മറ്റുള്ളവരോട് തുറന്നു സംസാരിച്ചാല്‍ത്തന്നെ പകുതി പ്രശ്‌നങ്ങള്‍ തീരും. എന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മറ്റ് ടീമംഗങ്ങളുടെയും ഉറച്ച പിന്തുണ ലഭിച്ചുവെന്നത് ഭാഗ്യമാണ്. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. എന്റെ ദേഷ്യവും നിരാശയും കളത്തില്‍ പ്രകടിപ്പിക്കാന്‍ ടീമംഗങ്ങള്‍ എപ്പോഴും ഉപദേശിച്ചിരുന്നു. ആ മോശം സമയത്തെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’ ഷമി പറഞ്ഞു

follow us: PATHRAM ONLINE

pathram:
Leave a Comment