തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കവേ തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി ‘ദ് ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ലഫ്. കേണലും മൂന്ന് മേജര്‍മാരും അടക്കം 10 സൈനികരെയാണു ഗല്‍വാനില്‍ നിന്ന് ചൈന പിടികൂടിയത്.

ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു സൈന്യവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്.ജയശങ്കറും ഇന്നലെ വരെ പറഞ്ഞിരുന്നത്. ഇന്ത്യയുടെ 10 സൈനികര്‍ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളിയിരുന്നു. ആരെയും കാണാതായിട്ടില്ലെന്നാണു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. ചൈനീസ് ആക്രമണത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്കു പരുക്കേറ്റു. ഇവര്‍ ലേയിലുള്ള സേനാ ആശുപത്രിയില്‍ ചികിത്സയിലാണ്

ഇതിനിടെ, ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ലുണ്ടായ സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന നിലപാട് ചര്‍ച്ചയില്‍ ഇന്ത്യ ആവര്‍ത്തിച്ചു. കടന്നുകയറ്റത്തില്‍ നിന്നു ചൈന പൂര്‍ണമായി പിന്മാറാതെ, ഇന്ത്യന്‍ ഭാഗത്തെ സേനാ സന്നാഹം പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി.

ഗല്‍വാന്‍ താഴ്‌വരയ്ക്കു മേല്‍ ചൈന ഉന്നയിച്ച അവകാശവാദം അതിരുകടന്നതാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി ലംഘിച്ചു കടന്നുകയറിയതാണെന്ന വാദവുമായി ചൈന പ്രകോപനം തുടരുകയാണ്. ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ പരസ്പരവിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടെന്നും കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണെന്നും കരസേനാ വൃത്തങ്ങള്‍ പറഞ്ഞു.

യുദ്ധസമാന സാഹചര്യങ്ങളിലെ പടയൊരുക്കമാണ് അതിര്‍ത്തി താവളങ്ങളില്‍ ഇന്ത്യ നടത്തുന്നത്. ഗല്‍വാനില്‍ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പാലിക്കാനുമാണ് അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കുള്ള സേനാ നേതൃത്വത്തിന്റെ നിര്‍ദേശം. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകിട്ട് അഞ്ചിനു സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും.

pathram:
Related Post
Leave a Comment